കോഴിക്കോട്:-മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായർ (91) അന്തരിച്ചു.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ പതിനൊന്ന് ദിവസമായി എം ടി ആശുപത്രിയിൽ കഴിയുന്നത്. ഇതിന് ഇടയിൽ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നി, ഹൃദയം എന്നിവയുടെ പ്രവർത്തനം മന്ദഗതിയിൽ ആയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
ഹൃദയസംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നും ഹൃദയ സ്തംഭനം ഉണ്ടെന്നും അറിയിച്ച് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കൽ ബുള്ളറ്റിനും അധികൃതർ ഇറക്കിയിരുന്നു.
മരണ സമയത്ത് ഭാര്യയും മകളും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിൽ ഉണ്ടായിരുന്നു. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, മന്ത്രിമാരായ പി മുഹമ്മദ് റിയാസ്, ജെ ചിഞ്ചുറാണി, രാമചന്ദ്രൻ കടന്നപ്പള്ളി, രാഷ്ട്രീയ നേതാക്കൾ, മറ്റ് പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലെത്തി എം ടിയുടെ ബന്ധുക്കളോടും ഡോക്ടർമാരോടും സംസാരിച്ചു.
നാളെ വൈകിട്ട് 5 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.