ചേലേരി :- കാറാട്ട് സ്ഥിതിചെയ്യുന്ന കൊളച്ചേരി പി.എച്ച്.സിയിൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് രോഗികൾ കഷ്ടപ്പെടുന്ന അവസ്ഥയിൽ ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. ഹെൽത്ത് സെന്ററിലെ ബയോ കെമിസ്ട്രി അനലൈസർ പ്രവർത്തന രഹിതയായിട്ട് മാസങ്ങൾ കഴിഞ്ഞു. ഇതു മൂലം രക്തപരിശോധനയ്ക്കും മറ്റ് ലാബ് ടെസ്റ്റുകൾക്കും എത്തുന്ന രോഗികൾ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. ബ്ലഡ് ഷുഗർ പരിശോധന നിലച്ചിട്ടും മാസങ്ങളായി.
പുതിയ ബയോകെമിസ്ട്രി അനലൈസർ വാങ്ങുന്നതിനും മറ്റുമുള്ള ഫണ്ട് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മറ്റിയുടെ കൈവശം ഉള്ളപ്പോൾ ഈ നടപടി സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന സംശയവും പൊതുജനങ്ങൾക്ക് ഉണ്ട്. മൂന്ന് ഡോക്ടർമാർ ഉള്ള ഈ ഹോസ്പിറ്റലിൽ മിക്ക ദിവസവും ഉച്ച കഴിഞ്ഞ് ഒ.പിയിൽ ഡോക്ടർമാരുടെ സേവനം ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു.
ഈ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ബി.ജെ.പി കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി അധികൃതരെ അറിയിച്ചു. പെട്ടെന്ന് പരിഹാരമായില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ദേവരാജൻ പി.വി, വാർഡ് മെമ്പർ ഗീത വിവി . മുൻ വാർഡ് മെമ്പർ കെ.പി ചന്ദ്രഭാനു , വേണുഗോപാൽ പി.വി എന്നിവർ സംസാരിച്ചു.