ശബരിമല :- മകരവിളക്കു കാലത്തെ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയാകുന്നു. മകരവിളക്കിനായി 30നു വൈകിട്ട് 5നു നട തുറക്കും. ജനുവരി 20നു രാവിലെ 7ന് ആണ് നട അടയ്ക്കുന്നതെങ്കിലും 19 വരെ മാത്രമേ തീർഥാടകർക്കു ദർശനം അനുവദിച്ചിട്ടുള്ളു. 30ന് 30,000 പേർക്കാണ് വെർച്വൽ ക്യൂ അനുവദിച്ചിട്ടുള്ളത്. മറ്റു ദിവസങ്ങളിൽ 70,000 പേർക്കാണ് അനുമതി.
മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ ജനുവരി 12 മുതൽ 14 വരെ വെർച്വൽ ക്യൂ എണ്ണം കുറച്ചിട്ടുണ്ട്. ജനുവരി 12ന് 60,000, 13ന് 50,000, 14 ന് 40,000 എന്നിങ്ങനെയാണ് അനുമതി. ഈ ദിവസങ്ങളിൽ സ്പോട് ബുക്കിങ്ങും ഒഴിവാക്കി. തീർഥാടനത്തിന്റെ പ്രധാന ദിവസം പരിഗണിച്ച് 11 മുതൽ 13 വരെ ദിവസങ്ങളിൽ 10,000 പേർക്കുള്ള വെർച്വൽ ക്യൂ ഒഴിച്ചിട്ടാണ് ബുക്കിങ് നടത്തിയിട്ടുള്ളത്. ഒഴിച്ചിട്ട സ്ലോട്ടുകളിൽ ബുക്കിങ് അനുവദിക്കണോ വേണ്ടയോ എന്നു പിന്നീട് തീരുമാനിക്കും.