തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു ; ഡിസംബർ 25 ന് സന്നിധാനത്ത് എത്തും


ആറന്മുള :- ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയുമായുള്ള രഥഘോഷ യാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. തിങ്ങിക്കൂടിയ ഭക്തജനങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെയായിരുന്നു രഥഘോഷ യാത്ര സന്നിധാനത്തേക്ക് പുറപ്പെട്ടത്. 25ന് വൈകിട്ട് സന്നിധാനത്തെത്തും. പുലർച്ചെ 5ന് ക്ഷേത്രത്തിലെ പ്രത്യേക സുരക്ഷാമുറി തുറന്ന് പുറത്തെടുത്ത തങ്കയങ്കി ആനക്കൊട്ടിലിലെ അലങ്കരിച്ച മണ്ഡപത്തിൽ എത്തിച്ചു. 

ഇവിടെ ഒട്ടേറെ ഭക്തർക്ക് കാണിക്കയിടാനും പറയിടാനും അവസരം ഒരുങ്ങി. തുടർന്ന് 7 മണിയോടെ ക്ഷേത്രത്തിനു പുറത്തെത്തിച്ച തങ്കയങ്കി അലങ്കരിച്ച രഥത്തിലേക്കു മാറ്റി. തുടർന്ന് ശരണമന്ത്രങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തിൽ ഘോഷയാത്ര ആരംഭിച്ചു. ക്ഷേത്രങ്ങൾ ഉൾപ്പെടെ 75 കേന്ദ്രങ്ങൾ സന്ദർശിച്ചാണ് സന്നിധാനത്ത് എത്തിച്ചേരുക. 451 പവൻ വരുന്ന തങ്കഅങ്കി തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമ വർമ അയ്യപ്പന് നടയ്ക്കുവച്ചതാണ്.

Previous Post Next Post