ശ്രീകണ്ഠപുരം :- 1946 ഡിസംബർ 30നു പുലർച്ചെ എംഎസ്‌പിക്കാരുടെ വെടിവയ്പ്പിൽ കൊല്ലപ്പെട്ട 5 ധീരകർഷകരുടെ ഓർമയിലാണു കാവുമ്പായി. വടക്കേ മലബാറിൽ ജന്മിമാരുടെ കൊടും ക്രൂരതകൾക്കെതിരെ കർഷകർ പ്രതിഷേധിക്കുന്ന കാലമായിരുന്നത്. ഈ മേഖലയിലെ ഭൂമി മുഴുവൻ കുരക്കാട്ടിടം ജന്മി അടക്കി വാഴുന്ന കാലം. കരക്കാട്ടിടം നായനാർക്കെതിരെ കാവുമ്പായി കുന്നിൽ ഒത്തുചേർന്ന കർഷകർക്കെതിരെ 30നു പുലർച്ചെ എംഎസ്പിക്കാർ വെടിയുതിർക്കുകയായിരുന്നു. എംഎസ്പിക്കാരുടെ വെടിവയ്പ്പിൽ 5 പേരാണ് ഈ കുന്നിൽ മരിച്ചത്. നേരം പുലർന്നതിനു ശേഷമാണു മരണവിവരം നാട്ടുകാർ അറിയുന്നത്.
പി.കുമാരൻ, പുളുക്കുൽ കുഞ്ഞിരാമൻ, ആലോറമ്പൻ കൃഷ്ണൻ, തെങ്ങിൽ അപ്പ നമ്പ്യാർ, മഞ്ഞരി ഗോവിന്ദൻ എന്നിവരാണു കാവുമ്പായി രക്തസാക്ഷികൾ. രാവിലെ 6ന് കാവുമ്പായിക്കുന്നിൽ 5 കമ്യൂണിസ്‌റ്റ് പാർട്ടി പ്രവർത്തകർ വെടിയേറ്റു മരിച്ച സ്ഥലത്തു കൊടി ഉയർത്തി. വൈകിട്ട് 4നു കുട്ടുമുഖം പാലം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന റെഡ് വൊളന്റിയർ മാർച്ച് ഐച്ചേരിയിലെ രക്തസാക്ഷി നഗറിൽ സമാപിക്കും. തുടർന്നു പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ ബിജു ഉദ്ഘാടനം ചെയ്യും.