ഇനി ഉത്സവത്തിന്റെ നാളുകൾ, കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി


ശ്രീകണ്ഠപുരം :- കുന്നത്തൂർ മലമുകളിലെ മുത്തപ്പൻ ദേവസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി മുത്തപ്പൻ അവതരിച്ചു. ഒരുമാസത്തെ കുന്നത്തൂർ പാടി ഉത്സവത്തിന് തുടക്കമായി. ചൊവ്വാഴ്ച വൈകിട്ട് ഏഴിന് താഴെ പൊടിക്കളത്ത് കോമരം പൈങ്കുറ്റി വെച്ചശേഷം പാടിയിൽ പ്രവേശിക്കൽ ചടങ്ങ് നടന്നു. അഞ്ചില്ലം അടിയാന്മാർ കളിക്കപ്പാട്ടോടെ ഇരുവശത്തും ഓടച്ചൂട്ട് പിടിച്ച് തിരുവാഭരണപ്പെട്ടിയും ഭണ്ഡാരങ്ങളും പാടിയിലേക്ക് എഴുന്നള്ളിച്ചു.

തുടർന്ന് കരക്കാട്ടിടം വാണവർ എസ്.കെ കുഞ്ഞിരാമൻ നായനാരെയും തന്ത്രി പേർക്കുളത്തില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയെയും പാടിയിലേക്ക് ആനയിച്ചു. കോമരവും ചന്തനും മടപ്പുരയ്ക്കുള്ളിൽ പൈങ്കുറ്റിവെച്ചു. കൊല്ലൻ കങ്കാണിയറയിലെ വിളക്ക്തെളിച്ചതോടെ ഉത്സവച്ചടങ്ങുകൾ തുടങ്ങി. ഉത്സവം അവസാനിക്കും വരെ കങ്കാണിയറയിൽ ഈ വിളക്ക് കെടാതെ സൂക്ഷിക്കുമെന്ന പ്രത്യേകതയുമുണ്ട്. തിരുമുറ്റത്ത് തന്ത്രിയുടെ നേതൃത്വത്തിൽ കലശപൂജ ഉൾപ്പെടെയുള്ള കർമങ്ങളും നടത്തി.

ആദ്യദിനം മുത്തപ്പന്റെ നാല് ജീവിതഘട്ടങ്ങളെ പ്രതിനിധീകരിച്ച് പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടി. ചന്തൻ കരിഞ്ചൻ മരിച്ചതിനെത്തുടർന്ന് പുതിയ ചന്തൻ പുല്ലായിക്കൊടി നാരായണന്റെ സ്ഥാനാരോഹണവും നടത്തി. പള്ളി വേട്ടയ്ക്കുശേഷം കരക്കാട്ടിടം വാണവരുമായി സംസാരിച്ച് തിരുവപ്പനയാണ് പുതിയ ചന്തന് ചുമതല നൽകിയത്.

ജനുവരി 16-ന് ഉത്സവം സമാപിക്കും. ഉത്സവദിനങ്ങളിൽ വൈകിട്ട് 4.30-ന് ഊട്ടും വെള്ളാട്ടവും രാത്രി 9.30-ന് തിരുവപ്പനയുമുണ്ടാകും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയും കെട്ടിയാടും.

Previous Post Next Post