തിരുവനന്തപുരം :- സംസ്ഥാനത്ത് വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും വർധിക്കുന്ന പശ്ചാത്തലത്തിൽ എ.ഐ ക്യാമറകളുടെ രണ്ടാംഘട്ടം വരുന്നു. പോലീസാകും ഇവ സ്ഥാപിക്കുക. റിപ്പോർട്ട് തയ്യാറാക്കാൻ ട്രാഫിക് ഐ.ജിക്ക് നിർദേശം നൽകി. എ.ഡി.ജി.പി മനോജ് എബ്രഹാം വിളിച്ച യോഗത്തിലാണ് തീരുമാനം. മോട്ടോർവാഹന വകുപ്പ് സ്ഥാപിച്ച 675 നിർമിതബുദ്ധി ക്യാമറകളാണ് ഇപ്പോൾ നിരത്തിലുള്ളത്. മോട്ടോർവാഹന വകുപ്പിൻ്റെ ക്യാമറകൾ എത്തിയിട്ടില്ലാത്ത പാതകൾ കേന്ദ്രീകരിച്ചാകും ഇവ വരുക. 374 അതിതീവ്ര ബ്ലാക്ക്സ്പോട്ടുകൾക്ക് മുൻഗണന നൽകും. എ.ഐ ക്യാമറകളുടെ എണ്ണം കൂട്ടാൻ മോട്ടോർവാഹന വകുപ്പ് തീരുമാനിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്ത കെൽട്രോൺ നൽകിയ ഉപകരാറുകൾ വിവാദമായതോടെ പദ്ധതി വിപുലീകരിക്കാനുള്ള നീക്കം മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ ക്യാമറ പദ്ധതി പോലീസ് ഏറ്റെടുക്കുന്നത്.
വിവാദങ്ങളുണ്ടായെങ്കിലും ഗതാഗത നിയമലംഘനങ്ങൾ തടയാൻ എ.ഐ ക്യാമറ സംവിധാനം വിജയകരമാണെന്നാണ് വിലയിരുത്തൽ. അപകടമരണനിരക്കിൽ കുറവുണ്ടായി. 165 കോടിയാണ് ക്യാമറകൾക്ക് ചെലവായത്. ആദ്യവർഷം പിഴയായി 78 കോടി രൂപ ലഭിച്ചു. 428 കോടി രൂപ പിഴചുമത്തിയിട്ടുണ്ട്. നോട്ടീസ് വിതരണം വൈകിയതാണ് പിഴക്കുടിശ്ശിക കൂട്ടിയത്. മോട്ടോർവാഹന വകുപ്പിൽ നിന്ന് വ്യത്യസ്തമായി പോലീസ് ഇത്തരം പദ്ധതികൾ നേരിട്ടാണ് നടത്തുന്നത്. സ്വന്തം ഫണ്ടിൽ നിന്നാണ് പോലീസ് ക്യാമറ സ്ഥാപിക്കാറുള്ളത്. കൺട്രോൾ റൂമുകളെല്ലാം നേരിട്ടാണ് നടത്തുന്നത്. മോട്ടോർവാഹന നിയമപ്രകാരം ഗതാഗത നിയമലംഘനങ്ങൾക്ക് പിഴചുമത്താൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും തുല്യ അധികാരമുണ്ട്.