ഭക്തിസാന്ദ്രമായി ശബരിമല, മണ്ഡലകാലത്തിന് പരിസമാപ്തികുറിച്ച് നട അടച്ചു


ശബരിമല :- ശബരിമലയിലെ മണ്ഡലകാലത്തിന് പരിസമാപ്തിയായി. 41 ദിവസത്തെ മണ്ഡല ഉത്സവകാലത്തിന് സമാപനം കുറിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശബരിമലയിൽ മണ്ഡലപൂജ നടന്നു. തന്ത്രി കണ്ഠര് രാജീവര് മുഖ്യ കാർമികനായി. ഇതിനുമുന്നോടിയായി തങ്കയങ്കി ചാർത്തിയ അയ്യപ്പവിഗ്രഹത്തിൽ കലശാഭിഷേകവും കളഭാഭിഷേകവും നടന്നു. മണ്ഡലപൂജയ്ക്കു ശേഷം ബുധനാഴ്ച രാത്രി 10-ന് ഹരിവരാസനം പാടി ശബരിമല നടയടച്ചു.

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്കയങ്കിയെ മന്ത്രി വി.എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. സോപാനത്തിൽ വെച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയും സഹശാന്തിമാരും തങ്കയങ്കി ഏറ്റുവാങ്ങി.

മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. 19 വരെ ഭക്തർക്ക് ശബരിമല ദർശനം നടത്താം. 20-ന് പന്തളം രാജപ്രതിനിധി ശബരിമല ദർശനം നടത്തും. 20-ന് നടയടയ്ക്കും.

Previous Post Next Post