ചെന്നൈ :- താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളോടുംകൂടിയ ഡബിൾ ഡക്കർ തീവണ്ടി നിർമിക്കാനായി റെയിൽവേ ബോർഡ് രൂപകല്പന തയ്യാറാക്കി. ചരക്കുഗതാഗതത്തിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണിതെന്ന് റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും രൂപകല്പന. വാഹനങ്ങളിലൂടെ തുറമുഖങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്‌നറുകളും പാർസ ലുകളും ഡബിൾ ഡക്കർ തീവണ്ടിയിലേക്ക് മാറ്റുകയെന്നതാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
കൂടുതൽ സാധ്യതകൾ ആരായാനും കുറ്റമറ്റരീതിയിൽ ഇത് നടപ്പാക്കാനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും റെയിൽവേ മന്ത്രാലയത്തിന് നിർദേശം നൽകി. സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പഠിക്കാനും നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്കാകും തീവണ്ടി സർവീസ് നടത്തുക. കപൂർത്തല കോച്ച് ഫാക്ടറിയിലാണ് മാതൃക നിർമിക്കുക. 10 കോച്ചുകൾ നിർമിക്കും. ഒരു കോച്ചിന് നാലുകോടിയാണ് കണക്കാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത റൂട്ടുകളിലാകും പരീക്ഷണ ഓട്ടം.