കോഴിക്കോട് :- സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുമ്പോഴും പലയിടത്തും വാക്സിൻ കിട്ടാനില്ല. ആറുമാസമായി സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ എത്തുന്നില്ല. കഴിഞ്ഞമാസം കുറഞ്ഞ അളവിൽ എത്തിയെങ്കിലും ദിവസങ്ങൾക്കകം തീർന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നിലും വാക്സിനില്ല. ഇതോടെ ഒന്നാം ഡോസ് സ്വീകരിച്ചവരും കുടുങ്ങി. ആദ്യ ഡോസ് എടുത്തവർ ഒരുമാസം, ആറുമാസം, അഞ്ചു വർഷം എന്നിങ്ങനെയുള്ള സമക്രമത്തിൽ തുടർ ഡോസുകളെടുക്കണം. കുറച്ചെങ്കിലും ഡോസ് ബാക്കിയുള്ള ചില കാരുണ്യഫാർ മസികളാണ് ഏക ആശ്രയം. കേന്ദ്രവാക്സിൻ പട്ടികയിലുള്ളതിനാൽ കുട്ടികൾക്കുള്ള വാക്സിൻമാത്രമാണ് സർക്കാർ ആശുപത്രികളിലുള്ളത്.
എം.ബി.ബി.എസ്. പ്രവേശനത്തിന് വാക്സിൻ നിർബന്ധമാണ്. ദൗർലഭ്യംകാരണം വിദ്യാർഥികൾക്കും വാക്സിനെടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ദേശീയ രോഗ പ്രതിരോധദൗത്യത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരാണ് വിതരണം ചെയ്യുന്നത്. രാജ്യത്ത് ഉത്പാദനം കുറഞ്ഞതാണ് ദൗർലഭ്യത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.
സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം 13 വരെ 308 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസർകോട്, കോട്ടയം, തൃശ്ശൂർ തുടങ്ങിയ ജില്ലകളിൽ മുതിർന്ന വർക്കുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ തീരെ ലഭ്യമല്ല. വാക്സിൻ എത്ര ബാക്കിയുണ്ട്, വിതരണം എപ്പോൾ പുനഃസ്ഥാപിക്കും തുടങ്ങിയ വിവരങ്ങളറിയാൻ ആരോഗ്യവകുപ്പിന്റെ ഉന്നതാധികാരകേന്ദ്രങ്ങളിൽ വിളിച്ചാൽ അവിടെ മറുപടിക്കും ക്ഷാമം.