കണ്ണൂർ :- തണുപ്പുള്ള കാലാവസ്ഥയും പൊടിനിറഞ്ഞ അന്തരീക്ഷവും കാരണം കുട്ടികളിൽ 'വോക്കിങ് ന്യുമോണിയ' ബാധ കൂടുന്നു. ന്യൂമോണിയയുടെ അത്ര തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ ശ്വാസകോശ അണുബാധയാണിത്. തീവ്രമല്ലെങ്കിലും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. ബാക്ടീരിയയും വൈറസുമാണ് അണുബാധയ്ക്ക് കാരണം. പൊതുവിൽ പ്രകടവും കഠിനവുമായ രോഗലക്ഷണങ്ങൾ ഈ രോഗത്തിനില്ല. ചെറിയ പനി, ചുമ, ശ്വാസം മുട്ടൽ, ശരീരവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടുതൽ അപകടകരമല്ലാത്ത രോഗമായതിനാലാണ് അസുഖത്തിന് ഈ പേരുവന്നത്.
കാലങ്ങളായി കണ്ടുവരുന്ന 'എടിപ്പിക്കൽ ന്യൂമോണിയ' എന്ന അസുഖത്തെയാണ് സാധാരണയായി 'വോക്കിങ് ന്യൂ മോണിയ' എന്ന് പറയാറ്. മൈകോപ്ലാസ്മ, ക്ലാമിഡോഫില തുടങ്ങിയ ബാക്ടീരിയകളാണ് ഇത്തരം ന്യൂമോണിയ ഉണ്ടാക്കുന്നത്. ചില വൈറസുകൾ ഉണ്ടാക്കുന്ന ന്യൂമോണിയയും സമാന ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ചെറിയ പനി, തലവേദന, ശരീരവേദന, ചുമ, ക്ഷീണം തുടങ്ങി ശ്വാസം മുട്ടൽവരെ ലക്ഷണങ്ങളായി കണ്ടേക്കാം. നേരിട്ടുള്ള പരിശോധനയിലൂടെയാണ് സാധാരണയായി രോഗം സ്ഥിരീകരിച്ച് ചികിത്സ നൽകുന്നത്. രോഗലക്ഷണങ്ങൾ തുടരുകയാണെങ്കിൽ രക്തപരിശോധന, എക്സ്റേ എന്നിവയും നിർദേശിക്കാറുണ്ട്.