നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ തുറന്നു; കല്ലറയിൽ ഇരിക്കുന്ന രീതിയിൽ മൃതദേഹം, സു​ഗന്ധ ദ്രവ്യങ്ങളും വസ്ത്രവും

 


തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിച്ചു. കല്ലറയിൽ മൃതദേ​ഹം കണ്ടെത്തി. ഇരിക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളത്. അതേസമയം, മൃതദേഹം ​ഗോപൻ സ്വാമിയുടേതാണോ എന്നത് ശാസ്ത്രീയമായ പരിശോധനയിൽ മാത്രമേ കണ്ടെത്താനാവൂ. ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആ​ദ്യഘട്ടത്തിൽ കുടുംബത്തിൻ്റെ മൊഴി ശരിവെക്കുന്ന രീതിയിലാണ് മൃതദേഹം ഉള്ളതെന്നാണ് വിവരം. 

കല്ലറയുടെ മുകളിലത്തെ സ്ലാബ് മാത്രമാണ് നീക്കിയത്. നെഞ്ചു വരെ പൂജാസാധനങ്ങൾ നിറച്ച നിലയിലാണ് മൃതദേഹം കാണുന്നത്. കല്ലറയിൽ നിന്ന് മൃതദേഹംപുറത്തെടുക്കും. അതേസമയം, മൃതദേഹം അഴുകിയ നിലയിലാണെങ്കിൽ പോസ്റ്റ്മോർട്ടം സ്ഥലത്ത് തന്നെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം അഴുകിയിട്ടില്ലെങ്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റും. നിലവിൽ പോസ്റ്റ്മോർട്ടം നടത്താനുള്ള പൊലീസ് സർജൻ അടക്കമുള്ളവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കല്ലറ പൊളിക്കാൻ പൊലീസും സംഘവും സ്ഥലത്തെത്തിയപ്പോൾ കുടുംബാംഗങ്ങൾ പ്രതിഷേധിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. സബ് കളക്ടർ സ്ഥലത്തെത്തി കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷമാണ് കല്ലറ പൊളിച്ചത്. കഴിഞ്ഞ ദിവസം പ്രതിഷേധം ഉയർന്നതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. തുടർന്നാണ് പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

Previous Post Next Post