കാഞ്ഞങ്ങാട് :- ‘ജാമ്യം തരാം, പക്ഷെ ലഹരിക്കെതിരെ പ്ലക്കാർഡുമായി തെരുവിലിറങ്ങണം’ ലഹരിക്കേസിൽ ജാമ്യം തേടിയെത്തിയ യുവാവിന് മുന്നിൽ കാസർകോട് ജില്ലാ കോടതി വച്ചത് അപൂർവ ജാമ്യവ്യവസ്ഥ.3 ഗ്രാം ലഹരിമരുന്ന് കയ്യിൽ വച്ചതിന് 8 മാസം ജയിലിൽ കിടന്ന യുവാവ് അത് സമ്മതിക്കുകയും ചെയ്തു. ജില്ലയിൽ ആളുകൂടുന്ന പ്രധാന ഇടങ്ങളിൽ ഇന്ന് രാവിലെ മുതൽ 5 ദിവസം യുവാവ് ലഹരിക്കെതിരെ ബോധവൽക്കരണവുമായി എത്തും.
മേയ് 18ന് ആണ് പടന്നക്കാട് സ്വദേശി സഫ്‌വാനെ (25) പൊലീസ് എംഡിഎംഎയുമായി പിടികൂടുന്നത്. വിചാരണത്തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു. ഇതിനിടെ പലവട്ടം ജാമ്യം തേടി കോടതിയിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ നൽകിയ ജാമ്യാപേക്ഷയിലാണ് കോടതി നിബന്ധനകൾ മുന്നോട്ടുവച്ചത്. ‘നിങ്ങൾ മദ്യവും ലഹരിയും വർജിക്കുക.
ലഹരിവഴി നിനക്ക് നഷ്ടമാകുന്നത് നിന്നെയും നിന്റെ കുടുംബത്തെയും സുഹൃത്തുക്കളെയുമാണ്.’ എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് പ്രചാരണം നടത്തേണ്ടത്.ഹൊസ്ദുർഗ് പൊലീസ് നിർദേശിക്കുന്ന സ്ഥലത്ത് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സഫ്‌വാൻ പ്രചാരണം തുടരണം. അതിന്റെ ദൃശ്യങ്ങൾ പകർത്തി കോടതിയിൽ നൽകാൻ പൊലീസിനും നിർദേശമുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.വേണുഗോപാലൻ ഹാജരായി.