പാപ്പിനിശ്ശേരി :- പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ്കവല എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗത കുരുക്കഴിക്കാൻ വെള്ളിയാഴ്ച രാവിലെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും. പാപ്പിനിശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം.
കണ്ണൂർ ഭാഗത്തു നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങൾ വളപട്ടണം പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞ് പഴയങ്ങാടി റൂട്ടിലേക്ക് കയറി കോട്ടൺസ് റോഡ് വഴിചുങ്കം പാപ്പിനിശ്ശേരി വഴി തളിപ്പറമ്പ് ഭാഗത്തേക്ക് പോകണം. കണ്ണൂർ ഭാഗത്തു നിന്ന് പഴയ ങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് നിലവിലുള്ളതുപോലെ കെ.എസ്.ടി.പി റോഡ് വഴി തന്നെ പോകാം. തളിപ്പറമ്പ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലൂടെ നേരെ വൺവേ ആയി കണ്ണൂരിലേക്ക് പോകാം.
തളിപ്പറമ്പ് ഭാഗത്തുനിന്ന് പഴ യങ്ങാടിയിലേക്ക് പോകുന്ന വാഹനങ്ങൾ വളപട്ടണം പാലത്തിന് മുൻപായി പഴയങ്ങാടി റോഡിൽ കയറി കെ.എസ്. ടി.പി റോഡ് വഴി പോകണം. പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കണ്ണൂരിലേക്ക് പോകാനും തളിപ്പറമ്പിലേക്ക് പോകാനും കോട്ടൺസ് റോഡ് വഴി ചുങ്കത്തുനിന്ന് ദേശീയപാതയിലേക്ക് കയറണം. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ കോട്ടൺസ് റോഡും ദേശീയപാതയും ചേരുന്ന ചുങ്കം മുത്തപ്പൻ റോഡ് കവല പ്രധാന ട്രാഫിക് സർക്കിൾ മേഖലയായി മാറും. വെള്ളിയാഴ്ച മുതൽ എട്ടുവരെ പരീക്ഷണാടിസ്ഥാനത്തിലാണ് പരിഷ്കാരം നടപ്പാക്കുക.