കൈക്കൂലി കേസിൽ വാണിജ്യനികുതി റിട്ട.ഓഫീസർക്ക് തടവും പിഴയും


തലശ്ശേരി :- സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപി ക്കാൻ 5000 രൂപ കൈക്കൂലി വാ ങ്ങിയ സംഭവത്തിൽ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതി രണ്ടുവകുപ്പുകളിൽ മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. വാണിജ്യനികുതി റിട്ട. ഓഫീസർ കാസർഗോഡ് പിലിക്കോട് ആയില്യത്തിൽ എം.പി രാധാകൃഷ്ണനെയാണ് (64) ജഡ്ഡി കെ.രാമകൃഷ്ണൻ ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ഉഷാകുമാരി ഹാജരായി. പരാതിക്കാരൻ വിദേശത്തു നിന്ന് ഓൺലൈനായാണ് വിചാരണയിൽ പങ്കെടുത്തത്. പ്രതി തളിപ്പറമ്പ് വാണിജ്യനികുതി ഓഫീസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചുകിട്ടാനും കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാനും 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി.

അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തുംകണ്ടിയാണ് കുറ്റപത്രം നൽകിയത്. പരാതിക്കാരനായ തളിപ്പറമ്പിലെ വ്യാപാരിയായിരുന്ന ബിനു മഹേഷ് റിയാദ് ഇന്ത്യൻ എംബസിയിൽ സെക്കൻഡ് സെക്രട്ടറി ശരത്‌കുമാർ നായിക്കിന്റെ സാന്നിധ്യത്തിലാണ് വിചാരണയിൽ പങ്കെടുത്തത്. ബിനു മഹേഷ് ഇപ്പോൾ സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Previous Post Next Post