കോഴിക്കോട്ടെ ബസ് അപകടം ; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരണപ്പെട്ടു



കോഴിക്കോട് :- കോഴിക്കോട് അരയിടത്തുപാലത്തെ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് മരിച്ചു. ബസിന് മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ഇന്നലെ വൈകിട്ട് 4.15ഓടെയാണ് അപകടമുണ്ടായത്. അരയിടത്തുപാലത്തെ മേൽപ്പാലം അവസാനിക്കുന്നതിന്‍റെ അടുത്ത് വെച്ച് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ബസിലുണ്ടായിരുന്ന 50ലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ദൃക്‌സാക്ഷികളുടെയും യാത്രക്കാരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് അപകട കാരണം കണ്ടെത്തി തുടർ നടപടികളെടുക്കുമെന്നും പൊലീസ് അറിയിച്ചു. നഗര പരിധിയിലെ വേഗ നിയന്ത്രണം ബസ് ലംഘിച്ചിരുന്നോയെന്നും മറ്റു തകരാറുകൾ ബസിനുണ്ടോയെന്നും മോട്ടോർ വാഹന വകുപ്പും പരിശോധിക്കുന്നുണ്ട്.

നിയന്ത്രണം വിട്ട് മറിഞ്ഞ ബസിൽ ബൈക്കിടിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സാനിഹിനെ സമീപത്തുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാനിഹിന്‍റെ തുടയെല്ലിന് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൽ ബൈക്കും പൂര്‍ണമായും തകര്‍ന്നിരുന്നു.

Previous Post Next Post