ലഹരിക്കായി മരുന്നുകളുടെ ഉപയോഗം ; 2024 ൽ രാജ്യത്ത് പിടികൂടിയത് 4.69 കോടി ഗുളികകൾ


കണ്ണൂർ :- സിന്തറ്റിക് ലഹരിവ്യാപനത്തിനൊപ്പം ഫാർമസ്യൂട്ടിക്കൽ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നതിൽ വൻവർധന. 2024-ൽ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പിടികൂടിയത് ഇത്തരത്തിലുള്ള 4.69 കോടി ഗുളികകളാണ്. 2023-ൽ ഇത് 1.8 കോടിയായിരുന്നു. ഒരു വർഷംകൊണ്ട് ഞെട്ടിക്കുന്ന വർധനയാണുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുകളാണിത്. ഉത്കണ്ഠ, വിഷാദം, ബൈപോളാർ ഡിസോർഡർ, ഉറക്കത്തകരാറുകൾ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നുപോകുന്നവർക്ക് ഡോക്ടറുടെ നിർദേശപ്രകാരം നൽകുന്ന മരുന്നുകളാണ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്. ഇതിൽ ഷെഡ്യൂൾഡ് എച്ച് വൺ വിഭാഗത്തിൽപ്പെടുന്ന പല മരുന്നുകളും ട്രിപ്പിൾ പ്രിസ്ക്രിപ്ഷൻ ഉണ്ടെങ്കിലേ ലഭ്യമാകൂ.

ലഹരിവിൽപ്പന സംഘങ്ങൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ലഹരിഗുളികകൾ എത്തിക്കുന്നുണ്ട്. കൂടുതലും ഉത്തരേന്ത്യയിൽ നിന്നാണ് എത്തുന്നത്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ അത് വേണ്ടിവരുന്ന വ്യക്തിയെയും പ്രത്യേക ലക്ഷണങ്ങളെയും ആശ്രയിച്ചാണ് നൽകുന്നത്. അസുഖബാധിതർക്ക് ആശ്വാസമേകുന്ന ഇത്തരം ഗുളികകൾ രോഗബാധിതരല്ലാത്തവർക്ക് ഉന്മാദാവസ്ഥ ഉണ്ടാക്കും. ആന്റിഡിപ്രസന്റുകൾ, ആന്റിസൈക്കോട്ടിക്‌സ്, മൂഡ് സ്റ്റെബി ലൈസറുകൾ, ഉറങ്ങാൻ കൊടുക്കുന്നവ എന്നിങ്ങനെയുള്ള മരുന്നുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.

ഗുളികകളുടെ ദുരുപയോഗം കൂടുന്ന സാഹചര്യത്തിൽ ഇത് തടയാൻ അബ്‌കാരി നിയമ പ്രകാരം കേസെടുക്കാനുള്ള സാധ്യത കേരളം തേടുന്നുണ്ട്. നർക്കോട്ടിക്, സൈക്കോട്രോപ്പിക് മരുന്നുകൾ ദുരുപയോഗം ചെയ്താൽ എക്സൈസിന് കേസെടുക്കാനുള്ള വഴികളാണ് തേടുന്നത്. വാണിജ്യാവശ്യത്തിന് കൈവശം സൂക്ഷിക്കാവുന്ന മരുന്നിൻ്റെ അളവ് നിശ്ചയിച്ചിട്ടില്ലാത്തതും ന്യൂനതയാണ്.

Previous Post Next Post