പരിയാരം :- പരിയാരം മെഡിക്കൽ കോളേജിൽ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ക്രിയാത്മക നടപടികൾ സ്വീകരിച്ചു വരുന്നതായി പരിയാരം മെഡിക്കൽ കോളേജ് അധികൃതർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.പരിയാരം മെഡിക്കൽ കോളേജിലെ പാമ്പുശല്യത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രിൻസിപ്പൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ കേസ് തീർപ്പാക്കി.
ടി.ബി. സാനിറ്റോറിയം പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് 1995 ൽ പരിയാരം സഹകരണ മെഡിക്കൽ കോളേജായി രൂപാന്തരപ്പെടുത്തിയതെന്നും 119 ഏക്കറോളം സ്ഥലത്ത് ഇഴജന്തു സാന്നിധ്യമുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കൊപ്പംചുറ്റുമുള്ള സ്ഥലം ഇന്റർലോക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നുണ്ട്. കാട് വൃത്തിയാക്കാനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. പത്രവാർത്തയിൽ പരാമർശിക്കുന്നത് കാട്ടുപാമ്പ് എന്ന വിഷമില്ലാത്ത പാമ്പിനെയാണെന്നും ഇതൊഴിവാക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷമില്ലാത്ത പാമ്പിന്റെ സാന്നിധ്യം പൂർണമായും ഇല്ലാതാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ തേടിയെന്നും ഇവ നടപ്പാക്കി വരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.പഴയ ഉപകരണങ്ങളും വസ്തുക്കളും ലേലം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.