കണ്ണൂർ :- സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വൻ വർധന. 57 ജയിലുകളിലായി 10,593 തടവുകാരാണുള്ളത്. പരമാവധി 7200 തടവുകാരെ പാർപ്പിക്കാനുള്ള ശേഷി മാത്രമേ സംസ്ഥാനത്തെ ജയിലുകളിലുള്ളൂ. 10,340 പുരുഷ തടവുകാരും 252 സ്ത്രീതടവുകാരുമാണ് ഇപ്പോഴുള്ളത്. സ്ത്രീതടവുകാരുടെ എണ്ണവും വർഷം തോറും കൂടുകയാണ്. ശിക്ഷാതടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണ്. തടവുകാരുടെ എണ്ണം വർധിച്ചതോടെ ജയിലിലെ ഭക്ഷണച്ചെലവും വലിയ തോതിൽ വർധിച്ചു.റിമാൻഡ് തടവുകാർ-5067, വിചാരണത്തടവുകാർ-1524, ശിക്ഷാതടവുകാർ-3749, മറ്റു തടവുകാർ-253 എന്നിങ്ങനെയാണ് അന്തേവാസികളുടെ കണക്ക്.
അഞ്ചുവർഷത്തിനിടെ കേരളത്തിലെ തടവുകാരുടെ എണ്ണത്തിൽ 40 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്. മയക്കുമരുന്ന്, പോക്സോ കേസുകൾ ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതാണ് തടവുകാരുടെ എണ്ണം കൂടാൻ കാരണം. മയക്കുമരുന്ന്, പോക്സോ കേസുകളിൽ വ്യവസ്ഥ കർശനമാക്കിയതോടെ ജാമ്യം കിട്ടാനും സമയമെടുക്കും.2023-24 വർഷത്തിൽ തടവുകാരുടെ ഭക്ഷണത്തിനായി 28.5 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ തടവുകാരുടെ എണ്ണം വർധിച്തോടെ 2.4 കോടി രൂപ അധികം അനുവദിക്കേണ്ടിവന്നു.ഒരു തടവുകാരന് ഉച്ചയ്ക്കും രാത്രിയും 200 ഗ്രാം വീതം അരിയാണ് അനുവദിക്കുന്നത്.