ശബരിമല ദർശനത്തിന് പുതിയ സംവിധാനം, ഭക്തർക്ക് ഫ്ലൈഓവർ കയറാതെ ശ്രീകോവിലിനു മുന്നിലെത്താം


പത്തനംതിട്ട :- ശബരിമല ദർശനത്തിനു തിരുവിതാംകൂർ ദേവസ്വംബോർഡ് പുതിയ സംവിധാനം പരീക്ഷിക്കുന്നു. 15ന് മീന മാസ പൂജ മുതൽ പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തർക്ക് ഫ്ലൈഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപുരയ്ക്കും വശങ്ങളിലൂടെ ശ്രീകോവിലിനു മുന്നിലെത്തി ദർശനത്തിനുള്ള സംവിധാനം ഏർപ്പെടുത്തും. വിഷു പൂജയ്ക്കും ഇതു പരീക്ഷിക്കും. വിജയകരമെന്നു കണ്ടാൽ സ്‌ഥിരം സംവിധാനമാക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ അറിയിച്ചു.

നിലവിൽ ദർശനത്തിനു 5 സെക്കൻഡ് സമയമാണ് ലഭിക്കുന്നതെങ്കിൽ പുതിയ സംവിധാനം വഴി 20 മുതൽ 25 സെക്കൻഡ് വരെ ലഭിക്കും. മേയിൽ ഇടവമാസ പൂജയ്ക്കായി നട തുറക്കുമ്പോൾ ആഗോള അയ്യപ്പസംഗമം പമ്പയിൽ നടത്തും. അൻപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ഭക്തരെത്തും. ശബരിമലയിൽ പൂജിച്ച സ്വർണ ലോക്കറ്റുകളും സ്വർണനാണയങ്ങളും വിഷുദിനത്തിൽ വിതരണം ആരംഭിക്കും. അയ്യപ്പചിത്രം പതിച്ച 4,8 ഗ്രാം വീതമുള്ള ലോക്കറ്റുകളും 1,2,4,8 ഗ്രാം വീതം തു ക്കമുള്ള നാണയങ്ങളുമാണു ലഭിക്കുക. www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴി ഏപ്രിൽ 1 മുതൽ ബുക്കുചെയ്യാം.

ശബരിമല ഒഴികെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ നിലവിലുള്ളതിന്റെ 30% വർധിപ്പിക്കുന്നു. 5 വർഷം കൂടുമ്പോഴാണ് നിരക്കു വർധന. പ്രളയവും കോവിഡും മൂലം 2016നു ശേഷം നിരക്ക് കൂട്ടിയില്ല. വഴിപാടു സാമഗ്രികളുടെ നിരക്ക് 9 വർഷത്തിനിടയിൽ മൂന്നിരട്ടി വരെ വർധിച്ചതായി ദേവസ്വംബോർഡ് നിയോഗിച്ച വഴിപാട് പുനരേകീകരണ കമ്മിറ്റി ചൂണ്ടിക്കാട്ടി. ശമ്പളം, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നത് 2025ൽ 910 കോടിയായി വർധിച്ച സാഹചര്യത്തിൽ വഴിപാട് നിരക്ക് വർധിപ്പിക്കാതെ പോംവഴിയില്ലെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു.

Previous Post Next Post