വി.പി ദാമോദരൻ പണിക്കർ നിര്യാതനായി


കണ്ണൂർ :- പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി പി ദാമോദരൻ പണിക്കർ (84) നിര്യാതനായി. പരേതരായ കരയാപ്പള്ളി ചന്ദ്രശേഖരന്റെയും വി.പി ശ്രീദേവി അമ്മയുടെയും മകനാണ്.

1993ൽ കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോ‌ക് ലോർ അക്കാദമിയുടെ 2019-20 ലെ പൂരക്കളി മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം, 2008-ൽ ഫോ‌ക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പ്, സമഗ്ര സംഭാവനക്കുള്ള യു ആർ എഫ് പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. 2011-ൽ കാഞ്ഞങ്ങാട് അരയി നാരായണൻ ഗുരുക്കൾ സ്മാരക ട്രസ്റ്റ് പണ്ഡിതരത്നം ബഹുമതി നൽകി ആദരിച്ചു. ദൂരദർശൻ ആകാശവാണി തുടങ്ങിയ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും പൂരക്കളി-മറുത്തുകളി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ യുവജനോത്സവങ്ങളിലും, യൂണിവേഴ് സിറ്റി കലോത്സവങ്ങളിലും പൂരക്കളി മത്സരത്തിൻ്റെ വിധി കർത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 62 വർഷം തുടർച്ചയായി പൂരക്കളി-മറുത്തുകളി അവതരിപ്പിച്ചു. പൂരക്കളി മറുത്തുകളി രംഗത്തും സംസ്കൃത ഭാഷയിലും വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. 

പ്രശസ്ത സംസ്കൃത പണ്ഡിതനും പൂരക്കളി-മറുത്തുകളി ആചാര്യനുമായിരുന്ന കീനേരി ശ്രീകണ്ഠ‌ൻ പണിക്കരായിരുന്നു ആദ്യഗുരു. പതിനഞ്ചാമത്തെ വയസ്സിൽ മറുത്തുകളിയിൽ അരങ്ങേറ്റം. പാണ്ഡിത്യത്തിന്റെ മികവിന് അംഗീകാരമായി കൊയോങ്കര പൂമാലക്കാവിൽ നിന്ന് 'പട്ടും വളയും' പണിക്കർ സ്ഥാനവും 'വീരശൃംഖലയും' ലഭിച്ചു. പയ്യന്നൂർ സംസ്കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളേജ് എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകനായിരുന്നു. കേരള പൂരക്കളി കലാ സംസ്കൃത പഠന കേന്ദ്രം സ്ഥാപകനാണ്. പൂരോത്സവം കളിയും മറുത്തുകളിയും എന്ന ഗ്രന്ഥവും നിരവധി ലേഖനങ്ങളും രചിച്ചു.

ഭാര്യ : പത്മാവതി കുണ്ടത്തിൽ (കൊഴുമ്മൽ), 

മക്കൾ : നിർമ്മല (കണ്ണങ്കൈ, പിലിക്കോട്), സുജാത (റിട്ട. പ്രധാന അധ്യാപിക, ചുള്ളിക്കര ജി എൽ പി സ്കൂൾ), സുഷമ (മൈമ ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക), സജീവൻ (സബ് ഡിവിഷനൽ എഞ്ചിനീയർ, ബി എസ് എൻ എൽ, പയ്യന്നൂർ), സുഹാസിനി (അക്ഷിത് ആയുർവേദിക്സ് ഓണക്കുന്ന്). 

മരുമക്കൾ : വി ദാമോദരൻ ( കച്ചവടം, കണ്ണങ്കൈ, പിലിക്കോട്), കെ വി രാഘവൻ (റിട്ട. എസ് ഐ കേരള പോലീസ്), കെ വി കുമാരൻ ( പേക്കടം, തൃക്കരിപ്പൂർ), ഹൃദ്യ (കുഞ്ഞിമംഗലം), മധു കാനായി (എം കെ ഫാർമ, പയ്യന്നൂർ).


Previous Post Next Post