തിരുവനന്തപുരം :- കേന്ദ്രസർക്കാർ സബ്‌സിഡി വെട്ടിക്കുറച്ചതോടെ രാസവളത്തിൻ്റെ വിലയേറുന്നു. മൂന്നുവർഷത്തിനിടെ മിക്ക വളങ്ങളുടെയും വില ഇരട്ടിയിലധികമായി. 2021-22 വർഷം 660 രൂപയായിരുന്നു 50 കിലോ പൊട്ടാഷിൻ്റെ വില. ഇപ്പോൾ 1,500 രൂപയാണ്. വളത്തിൻ്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിനാണ്. സർക്കാരിൻ്റെ ന്യൂട്രിയന്റ് സബ്‌സിഡി പോളിസി പ്രകാരമാണ് വളത്തിൻ്റെ വിലയും സബ്‌സിഡിയും നിശ്ചയിക്കുന്നത്. യൂറിയയെ മാത്രം വിലനിയന്ത്രണപ്പട്ടികയിൽ ഉൾപ്പെടുത്തുകയും മറ്റുള്ളവയുടെ സബ്‌സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതിനു പുറമേ ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങൾ നിയന്ത്രണമില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് യൂറിയ ഒഴികെയുള്ളവയുടെ വില കുതിച്ചത്.
കേന്ദ്രസർക്കാർ 2023-24 സാമ്പത്തികവർഷം ഫോസ്‌ഫറസ്, പൊട്ടാഷ് വളങ്ങൾക്ക് ന്യൂട്രിയന്റ് സബ്‌സിഡിയായി 65,199.586 കോടി രൂപ നൽകിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 52,310 കോടിയായി കുറച്ചു. ഇത്തവണ 49,000 കോടിയായി വീണ്ടും കുറച്ചു. ആനുപാതിക സബ്‌സിഡി കേന്ദ്രസർക്കാർ നൽകാതായതോടെ ഡൈ അമോണിയം ഫോസ്ഫേസ്റ്റ്, സിങ്കിൾ സൂപ്പർ ഫോസ്ഫേറ്റ്, അമോണിയം സൾഫേറ്റ്, മ്യൂറേറ്റ് ഓഫ് പൊട്ടാഷ്, 10:26:26 എൻപികെ കോംപ്ലക്സ് വളം, രാജ്ഫോസ്, ഫാക്ടംഫോസ്, 16:16:16 എൻപികെ മിശ്രിതം എന്നിവയുടെയെല്ലാം വിലയിൽ വർധനയുണ്ടായി.
മാസം 100-200 രൂപ വീതം കൂടുന്നുമുണ്ട്. ചില മാസങ്ങളിൽ കുറയുകയും ചെയ്യും. അതേസമയം, ഫാക്ടം ഫോസ് വില കാര്യമായി കൂടിയില്ല. 50 കിലോയ്ക്ക് 1,140 ആയിരുന്നത് 1,300 രൂപയായി. അസംസ്കൃത വസ്തുക്കളുടെ വില, കയറ്റിറക്ക്, ചരക്കുകൂലി എന്നിവയുടെ അടിസ്ഥാനത്തിലാണ് കമ്പനികൾ വളത്തിനു വില കൂട്ടുന്നത്. റഷ്യ -യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം അസംസ്കൃത വസ്തുക്കളുടെ ക്ഷാമമുണ്ടായത് വലിയ രീതിയിൽ ബാധിച്ചെന്നാണു വ്യാപാരികൾ പറയുന്നത്.