കണ്ണൂർ :- ഓട്ടത്തിൽ സമയകൃത്യത പാലിക്കുന്നതിൽ കേരളത്തിലെ തീവണ്ടികൾക്ക് 'എ പ്ലസ്'. ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ്. പാലക്കാടും (95.9 ശതമാനം), തിരുവനന്തപുരവും (91.3 ശതമാനം) സമയകൃത്യത പാലിക്കുന്നതിൽ മുന്നിലാണ്. ഗതാഗതത്തിരക്കിനിടയിൽ തീവണ്ടികളുടെ വരവും പോക്കിലും കൃത്യസമയം പാലിക്കുന്ന പാലക്കാടിന് ഇന്ത്യയിൽ ഒൻപതാം സ്ഥാനമുണ്ട്. പാലക്കാട് ഡിവിഷനിലൂടെ ഒരു ദിവസം 175 തീവണ്ടികൾ ഓടുന്നു. മുൻപ് മോശം പ്രകടനത്തിലൂടെ കിതച്ച കേരളത്തിലെ വണ്ടികൾ ഇപ്പോൾ മുന്നിലോടുകയാണ്. 2018-ൽ 66-ാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം ഡിവിഷൻ 29-ാം സ്ഥാനത്തെത്തി. 48-ാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് ഡിവിഷൻ ഒൻപതിലേക്ക് കുതിച്ചു. പശ്ചിമ റെയിൽവേയിലെ ഭാവ്‌നഗർ ഡിവിഷനാണ് രാജ്യത്ത് ഒന്നാമത് (99.6 ശതമാനം).
വേഗംകൂട്ടി സമയം ക്രമീകരിക്കുന്നതിനാൽ ചെറിയ പിടിച്ചിടലുകൾ ഓട്ടത്തെ കാര്യമായി ബാധിച്ചിട്ടില്ല. രാജ്യത്ത് ഏറ്റവും സമയകൃത്യത പാലിക്കുന്ന തീവണ്ടിയാണ് വന്ദേഭാരത്. എന്നാൽ വന്ദേഭാരതിൻ്റെ സമയക്രമം കേരളത്തിലെ ചില വണ്ടികളുടെ ഓട്ടത്തെ പിറകോട്ട് വലിച്ചിട്ടുണ്ട്.
ദക്ഷിണ റെയിൽവേയിലെ ആറിൽ അഞ്ച് ഡിവിഷനുകളുടെ തീവണ്ടികളും 90 ശതമാനം സമയകൃത്യത കടന്നു. മധുര (99.2 ശതമാനം) ആണ് ഇന്ത്യയിൽ രണ്ടാമത്. പാലക്കാട് (95.9 ശതമാനം), സേലം (94.2 ശതമാനം), തിരുച്ചിറപ്പള്ളി (93.8 ശതമാനം), തിരുവനന്തപുരം (91.3 ശതമാനം), ചെന്നൈ (86.5 ശതമാനം). ഇന്ത്യയിൽ 49 ഡിവിഷനുകളിലെ തീവണ്ടി സമയകൃത്യത 80 ശതമാനത്തിന് മുകളിലെത്തിയ ആശ്വാസത്തിലാണ് റെയിൽവേ. ഇതിൽ 17 ഡിവിഷനുകൾ 90 ശതമാനത്തിന് മുകളിലെത്തിക്കഴിഞ്ഞു. ഇന്ത്യയിൽ 13,198 യാത്രാവണ്ടികളുണ്ട്.