കണ്ണൂർ :- ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാനുള്ള പൊലീസ്-എക്സൈസ് സംയുക്‌ത പോരാട്ടത്തിനു ജില്ലയിലും തുടക്കം. റൂറൽ പൊലീസും എക്സൈസും ചേർന്നു തളിപ്പറമ്പിലെ ഹോട്ടൽ, ലോഡ്ജ്, ശ്രീകണ്ഠപുരത്തെ കുറിയർ, പാഴ്സൽ സ്‌ഥാപനങ്ങളിൽ റെയ്ഡ് നടത്തി. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധനയെക്കുറിച്ച് ചർച്ച ചെയ്യാൻ സിറ്റി പൊലീസ് കമ്മിഷണർ-എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എന്നിവരുടെ യോഗം നാളെ ചേരും.
ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ കേരള പൊലീസ് ആരംഭിച്ച ഓപ്പറേഷൻ ഡി ഹണ്ടും എസൈസിന്റെ ക്ലീൻ സ്റ്റേറ്റും നടക്കുന്നുണ്ട്. ലഹരി വിൽപനക്കാരെ സംബന്ധിച്ചു പൊലീസും എക്സൈസും തയാറാക്കിയ സ്‌ഥിരം പ്രതികളു ടെ പട്ടികകൾ കൈമാറി. അബ്കാരി, ലഹരിമരുന്ന് കേസുകളിലായി എക്സൈസ് തയാറാക്കിയ സ്ഥിരം കുറ്റവാ ളികളുടെ പട്ടികയിൽ ജില്ലയിലെ 30 പേരുണ്ട്. കൂടുതൽ പേർ കൊല്ലത്താണ്(74). കോഴിക്കോട് - 17, വയനാട് - 16, കാസർ : കോട് - 10 എന്നിങ്ങനെയാണ്കണക്ക്. വടക്കൻ ജില്ലകളിലെ കൂടുതൽ സ്ഥിരം കുറ്റവാളികൾ കണ്ണൂരിലായതിനാൽ 24 മണിക്കൂർ പരിശോധനയാണു തീരുമാനിച്ചിരിക്കുന്നത്.
പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡി പിഎസ് നിയമവും ചുമത്തുന്നതോടെ സ്ഥിരം കുറ്റവാളികളെ കൂടുതൽകാലം അകത്തിടാനാകും. ലഹരി വിൽപന കൂടുതൽ നടക്കുന്ന ബ്ലാക്ക് സ്പോട്ടുകളുടെ പട്ടിക എക്സൈസ് തയാറാക്കിയിട്ടുണ്ട്. മുഴപ്പിലങ്ങാട്, പയ്യാമ്പലം, ചാലാട്, ആയിക്കര, കണ്ണൂർ സിറ്റി, കക്കാട്, മാട്ടൂൽ എന്നിവയാണു സിറ്റി പൊലീസ് പരിധിയിൽ വരുന്ന ബ്ലാക്ക് സ്പോട്ടുകൾ. എഡിജിപി മനോജ് ഏബ്രഹാമിന്റെയും എക്സൈസ് കമ്മിഷണർ മഹിപാൽ യാദവിന്റെയും നേതൃത്വത്തിൽ ചേർന്ന യോഗമാണ് പൊലീസ്-എക്സൈസ് സംയുക്ത പരിശോധനയ്ക്കു തീരുമാനമെടുത്തത്. എസ്ഐ ദിനേശൻ കൊതേരി, എക്സൈസ് ഇൻസ്പെക്ടർ എ.ഷിജിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു തളിപ്പറമ്പിൽ പരിശോധന നടത്തിയത്. ശ്രീകണ്ഠപുരത്ത് എസ്ഐ എം.വി ഷീജുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.