ചെറുവത്തൂർ :- മീൻലഭ്യത കുറഞ്ഞതോടെ കടലിൽപോക്ക് നിർത്തിവച്ച് ബോട്ടുകളും വള്ളങ്ങളും. സ്‌ഥിരമായി ലഭിച്ചിരുന്ന മത്തിയും കിട്ടാതായാതോടെയാണ് യാനങ്ങൾ കരപറ്റിയത്. ലഭ്യത കുറഞ്ഞതോടെ മീൻവിലയും വർധിച്ചു. ഈ സീസൺ തുടക്കം മുതൽ ചെറിയ മത്തിയാണ് ലഭിക്കുന്നത്. സാധാരണ ഒന്നോ രണ്ടോ ആഴ്ച കഴിയുമ്പോൾ മത്തിയുടെ വലുപ്പം കൂടി വരാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
വലുപ്പക്കുറവ് കാരണം ചെറുകിട കച്ചവടക്കാർ പോലും 100 രൂപയ്ക്കാണ് ഒരു കിലോ മത്തി വിറ്റത്. ഇന്ധനച്ചെലവിനും തൊഴിലാളികൾക്ക് കൂലിക്കുമുള്ള പണം പോലും മതിയാകില്ലെന്ന് വന്നതോടെയാണ് യാനങ്ങൾ തീരമണഞ്ഞത്. ട്രോളിങ് നിരോധനം അടുത്തെത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പോലും പരിഹരിക്കാനാകാത്തതിന്റെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.