ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ

 



ദില്ലി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വേദനിച്ച് നിൽക്കുന്ന ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കൾ. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യക്ക് ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കശ്മീരില്‍ നിന്ന് വരുന്നത് വളരെ അസ്വസ്ഥതയുളവാക്കുന്ന വാര്‍ത്തകളാണെന്നും ഭീകരവാദത്തിനെതിരെ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും ട്രംപ് വ്യക്തമാക്കി. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഭീകരാക്രമണത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ശക്തമായി അപലപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിളിച്ചാണ് പുടിന്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തിയത്. ഈ ക്രൂരകൃത്യത്തിന് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഈ ആക്രമണത്തിന്റെ സൂത്രധാരന്മാരേയും ഇത് നടത്തിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. എല്ലാവിധത്തിലുമുള്ള തീവ്രവാദ ശക്തികളേയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് പുടിന്‍ ഉറപ്പുനല്‍കി.

Previous Post Next Post