തിരുവനന്തപുരം :- ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്ന സ്വാശ്രയ കോളേജ് അധ്യാപകർക്കും ഇനി പ്രതിഫലം നൽകും. എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതു സംബന്ധിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വിളിച്ചു ചേർത്ത യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഉത്തരക്കടലാസ് മൂല്യനിർണയം അധ്യാപകരുടെ ജോലിയുടെ ഭാഗമാണെന്നും അതിനായി പ്രത്യേക വേതനം നൽകേണ്ടതില്ലെന്നുമാണ് യുജിസി നിർദേശം. എന്നാൽ സ്വാശ്രയ കോളേജ് അധ്യാപകർ യുജിസി ശമ്പളം വാങ്ങുന്നവർ അല്ലാത്തതിനാൽ ഇതു ബാധകമല്ല. യുജിസി നിർദേശം സർവകലാശാല നടപ്പാക്കിയപ്പോൾ സ്വാശ്രയ അധ്യാപകർക്കും നടപ്പാക്കി. ഇതു സർവകലാശാലയുടെ പിഴവാണെന്നും വിസി പറഞ്ഞു.
മൂല്യനിർണയത്തിനു പ്രതിഫലം നൽകേണ്ടതില്ലെന്ന് കോടതി തീരുമാനവുമുണ്ട്. ഇതിനെതിരേ അപ്പീൽ നൽകുമെന്നും വൈസ് ചാൻസലർ അറിയിച്ചു. സ്വാശ്രയ കോളേജ് അധ്യാപകർ ഉത്തരക്കടലാസ് മൂല്യ നിർണയത്തിനായി ക്യാമ്പിലേക്ക് എത്തുമ്പോൾ അവർക്ക് വേതനം ലഭിക്കുന്നില്ല. കോളേജിൽ അവധിയായതിനാൽ ആ ദിവസത്തെ ശമ്പളവും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് മൂല്യനിർണയത്തിനു പ്രതിഫലം നൽകാൻ തീരുമാനിച്ചത്. യുജിസി നിർദേശം സംബന്ധി ച്ച് കോടതിയിൽ വ്യക്തത വരുത്താൻ എജിയോടു നിർദേശിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു.