ന്യൂഡൽഹി :- ദേശസുരക്ഷയ്ക്കായി ചാരസോഫ്റ്റ്‌വേർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും അത് ആർക്കെതിരേ പ്രയോഗിക്കുന്നുവെന്നതാണ് പ്രശ്നമെന്നും സുപ്രീംകോടതി. ഇസ്രയേലി ചാരസോഫ്റ്റ്‌വറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഫോൺ ചോർത്തുന്നുവെന്നാരോപിച്ചുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം.
ദേശസുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കോടീശ്വർ സിങ് എന്നിവരുടെ ബെഞ്ച് പറഞ്ഞു. പെഗാസസ് ഉപയോഗിച്ച് വാട്‌സാപ്പ് ഹാക്ക് ചെയ്തതായി സ്ഥിരീകരിക്കുന്ന യുഎസ് കോടതി വിധി വന്നിട്ടുള്ളത് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ സിബലിന് രണ്ടാഴ്ചത്തെ സമയമനുവദിച്ച കോടതി ഹർജി പരിഗണിക്കുന്നത് ജൂലായ് 30ലേക്കു മാറ്റി.
സർക്കാർ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്നതാണ് അടിസ്ഥാന വിഷയമെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ എന്താണ് പ്രശ്നമെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. രാജ്യം ചാര സോഫ്റ്റീവർ ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. അതു കൈവശമുണ്ടായിരിക്കുന്നതിൽ തെറ്റൊന്നുമില്ല. ആർക്കെതിരേ ഉപയോഗിക്കുന്നുവെന്നതാണ് പ്രശ്നം. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദികൾക്ക് സ്വകാര്യതാ അവകാശങ്ങൾ ഉന്നയിക്കാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞപ്പോൾ വ്യക്തികളുടെ സ്വകാര്യതാ അവകാശം ഭരണഘടനപ്രകാരം സംരക്ഷിക്കപ്പെടുമെന്ന് കോടതി കൂട്ടിച്ചേർത്തു.
ചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന ഹർജിക്കാരുടെ ആവശ്യം ബെഞ്ച് തള്ളി. രാജ്യത്തിന്റെ സുരക്ഷയെയും പരാമാധികാരത്തെയും ബാധിക്കുന്ന ഒരു റിപ്പോർട്ടും പരസ്യമാക്കില്ലെന്നും അത് തെരുവിൽ ചർച്ചചെയ്യാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.