മാടായിക്കാവിൽ പൂരോത്സവത്തിന് തുടക്കമായി


പഴയങ്ങാടി :- മാടായി തിരുവർകാട്ട്കാവ് (മാടായിക്കാവ്) പൂരോത്സവം തുടങ്ങി. ഏപ്രിൽ 10 വരെയാണ് ഉത്സവം. രണ്ടു മുതൽ ഒൻപതു വരെ ദിവസവും സന്ധ്യയ്ക്ക് സഹസ്രദീപം. വൈകുന്നേരം കലാമണ്ഡലം ശിവദാസ് മാരാരുടെ നേതൃത്വത്തിൽ 51 വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പാണ്ടിമേളം. മൂന്നിന് നൃത്തശില്പം തത്വമസി, നാലിന് രാത്രിയിൽ നൃത്തസന്ധ്യ, അഞ്ചിന് വൈകുന്നേരം സാംസ്കാരിക സമ്മേളനം, കലാസന്ധ്യ.

ഏപ്രിൽ 6 ന് വൈകീട്ട് ഡ്രാമാറ്റിക് ഫോക് മെഗാഷോ കനലാട്ടം. ഏപ്രിൽ ഏഴിന് വൈകീട്ട് കളരിപ്പയറ്റ്, രാത്രി നാടകം കലുങ്ക്. ഏപ്രിൽ എട്ടിന് രാത്രി മോഹിനിയാട്ടം. ഒൻപതിന് വൈകീട്ട് കൽപ്പാത്തി ബാലകൃഷ്ണൻ, ചിറക്കൽ നിധീഷ് മാരാർ ഇവരുടെ ഇരട്ടതായമ്പക. രാത്രി 10-ന് നാടകം 'പഞ്ചമിപെറ്റ പന്തീരുകുലം'. ഏപ്രിൽ 10-ന് രാവിലെ 8.30-ന് വടുകുന്ദ തടാകത്തിൽ പൂരംകുളി (ആറാട്ട്) നടക്കും. തുടർന്ന് മാടായിക്കാവിലേക്കുള്ള മടക്കം എഴുന്നള്ളിപ്പോടെയും എതിരേൽപ്പോടെയും ഉത്സവം സമാപിക്കും. ഉത്സവദിവസങ്ങളിൽ അന്നദാനവും പൂരംകുളി നാളിൽ രാവിലെ ഒൻപതുമുതൽ പൂരക്കഞ്ഞിയും ഉണ്ടാകും.

Previous Post Next Post