ഹൈദരാബാദ് :- കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹൽഗാമിലെ ഭീകരാക്രമണം. ചൊവ്വാഴ്ച നടന്ന ഭീകരാക്രമണത്തിൽ 28 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതോടെ കശ്മീരിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി വിനോദ സഞ്ചാരികളാണ് യാത്രകൾ റദ്ദാക്കിയിരിക്കുന്നത്. ഹൈദരാബാദിൽ നിന്ന് നിരവധി ആളുകൾ എല്ലാ വർഷവും കശ്മീർ സന്ദർശിക്കാറുണ്ട്. അത്തരത്തിൽ കശ്മീർ താഴ്‌വരയിൽ അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്ന നിരവധി ഹൈദരാബാദ് സ്വദേശികളാണ് ഇപ്പോൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ വാർത്ത പരന്നതോടെ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്ന ആളുകൾ ഹോട്ടൽ, വിമാന ബുക്കിംഗുകൾ റദ്ദാക്കാൻ നിരന്തരമായി വിളിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. അടുത്ത 10 ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ കശ്മീർ യാത്രകളും റദ്ദാക്കിയതായി സ്കൈലിങ്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തുന്ന ആശിഷ് ശർമ്മ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഹൈദരാബാദിൽ വേരുകളുള്ള, യുഎസിലെ ഷാർലറ്റിൽ താമസിക്കുന്ന ശശി ഭൂഷൺ എന്നയാൾ പറഞ്ഞു. ഹൈദരാബാദിൽ നടക്കാനിരിക്കുന്ന തന്റെ മരുമകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം ജൂൺ ആദ്യവാരം കുടുംബത്തോടൊപ്പം കശ്മീർ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇപ്പോൾ, മേഖല സുരക്ഷിതമല്ലാത്തതിനാൽ കുട്ടികളുടെ സുരക്ഷ കൂടി കണക്കിലെടുത്ത് കശ്മീരിലേയ്ക്ക് യാത്ര പോകുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും ശശി ഭൂഷൺ കൂട്ടിച്ചേര്‍ത്തു.
അതേസമയം, നേരത്തെ പദ്ധതിയിട്ടിരുന്ന കശ്മീര്‍ യാത്ര പുന:പരിശോധിക്കുകയാണ് ബൊഗ്ഗുൽകുന്തയിൽ നിന്നുള്ള സുഹൃത്തുക്കളായ റിതേഷും കൗശിക്കും. മെയ് മാസത്തിൽ വൈഷ്ണോ ദേവിയും പിന്നീട് ശ്രീനഗറും സന്ദർശിക്കാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. എന്നാൽ, ഭീകരാക്രമണം നടന്നതോടെ ഇരുവരും അവരുടെ പദ്ധതികൾ പുന:പരിശോധിക്കുകയാണ്. സോനാമാര്‍ഗിൽ നിന്നുള്ള സലീം എന്നയാളും കശ്മീരിലെ ഭീകരാക്രമണം ടൂറിസത്തെ ചുറ്റിപ്പറ്റിയുള്ള തങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് വെളിപ്പെടുത്തി രംഗത്തെത്തി. മേഖലയിൽ 10,000-ത്തിലധികം കുതിരകളെ കൈകാര്യം ചെയ്യുന്നവരുണ്ടെന്നും അവരുടെ കുടുംബങ്ങൾ പൂർണ്ണമായും ടൂറിസത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ താഴ്‌വരയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതി അടുത്തിടെ പൂർത്തീകരിച്ചിരുന്നു. ഇതോടെ കശ്മീരിലേയ്ക്കുള്ള ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദമായി മാറി. ഇത് കശ്മീരിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണര്‍വ് നൽകിയതിന് പിന്നാലെയാണ് 28 പേരുടെ ജീവനെടുത്ത വൻ ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പഹൽഗാമിന് സമീപമാണ് ആക്രമണം നടന്നത്. ഇത് കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ ഉപജീവനമാർഗ്ഗത്തെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.