ചോദ്യങ്ങൾ ചോദിക്കാം, ഇമേജുകള്‍ സൃഷ്ടിക്കാം ; എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി ഇനി വാട‌്‌സ്ആപ്പിലും


ദില്ലി :- ജനപ്രിയ എഐ അധിഷ്ഠിത ചാറ്റ് ടൂളായ പെർപ്ലെക്സിറ്റി എഐ ഇനി വാട‌്‌സ്ആപ്പ് വഴി നേരിട്ട് ഉപയോഗിക്കാം. പെർപ്ലെക്സിറ്റി എഐ സഹസ്ഥാപകനും സിഇഒയുമായ അരവിന്ദ് ശ്രീനിവാസ് ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്. ടെലിഗ്രാമിൽ “askplexbot” എന്ന പേരിൽ ആക്‌സസ് ചെയ്യാവുന്ന ഈ എഐ അസിസ്റ്റന്‍റ് ഇനിമുതൽ ഇന്ത്യയിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട‌്‌സ്ആപ്പിലും ലഭ്യമാകും.

ഉപയോക്താക്കള്‍ സൈന്‍ അപ്പ് ചെയ്യുകയോ ലോഗിന്‍ ചെയ്യുകയോ ചെയ്യേണ്ടിവരുന്ന വെബ്, മൊബൈല്‍ ആപ്പുകളില്‍ നിന്ന് വ്യത്യസ്തമാണ് പെര്‍പ്ലെക്സിറ്റിയുടെ വാട‌്‌സ്ആപ്പ് പതിപ്പ്. ഒരു അക്കൗണ്ടിന്‍റെ ആവശ്യമില്ലാതെ തന്നെ നിങ്ങള്‍ക്ക് “askplexbot” വഴി ചോദ്യങ്ങള്‍ ചോദിക്കാനും ഗവേഷണം നടത്താനും ഉള്ളടക്കം സംഗ്രഹിക്കാനും ഇഷ്‍ടാനുസൃത ഇമേജുകള്‍ സൃഷ്ടിക്കാനും കഴിയും.

പെർപ്ലെക്സിറ്റി എഐ ഉപയോഗിക്കുന്നതിന് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ +1 (833) 436-3285 എന്ന നമ്പർ സേവ് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ ചോദ്യങ്ങൾ നേരിട്ട് വാട‌്‌സ്ആപ്പ് ചാറ്റിൽ ചോദിക്കാം. സ്മാർട്ട്‌ഫോണുകൾ, ഡെസ്‍ക്‌ടോപ്പ് പിസികൾ, മാക്കുകൾ, വാട‌്‌സ്ആപ്പ് വെബ് എന്നിവയിലും ഈ സേവനം പ്രവർത്തിക്കുന്നു. പെർപ്ലെക്സിറ്റി എഐക്ക് മുമ്പ്, ചാറ്റ്‍ജിപിടി, മെറ്റ എഐ എന്നിവ വാട‌്‌സ്ആപ്പില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതായത് ഇപ്പോൾ ഉപയോക്താക്കൾക്ക് വാട‌്‌സ്ആപ്പില്‍ നിരവധി എഐ ടൂളുകളുടെ ഓപ്ഷൻ ഉണ്ട് എന്ന് ചുരുക്കം.

വാട‌്‌സ്ആപ്പില്‍ ചാറ്റ്‍ജിപിടി അല്ലെങ്കിൽ മെറ്റ എഐ എന്നിവയുമായി ഉപയോക്താക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിന് സമാനമാണ് പെർപ്ലെക്സിറ്റിയും. സൈൻ-അപ്പുകളോ ലോഗിൻ ചെയ്യലോ ഇല്ലാതെ തന്നെ അവരുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന പെർപ്ലെക്സിറ്റിയുടെ ഈ നീക്കം ഇന്ത്യ പോലുള്ള പ്രദേശങ്ങളിലെ ഉപയോക്താക്കളിലേക്ക് എഐ ടൂളുകൾ കൂടുതൽ എത്തിച്ചേരുന്നതിന് സഹായിക്കും. വാട‌്‌സ്ആപ്പ് ഭൂരിഭാഗം ഇന്ത്യൻ ജനതയുടെയും ദൈനംദിന ആശയവിനിമയത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതിനാൽ വിപുലമായ എഐ ഉപകരണങ്ങൾ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാകും. 

Previous Post Next Post