SSLC പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും ; പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14 ന് ആരംഭിക്കും


തിരുവനന്തപുരം :- ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ മേയ് 14 ന് തുടങ്ങും. മേയ് 21 ന് ട്രയൽ അലോട്മെന്റും 24 ന് ആദ്യ അലോട്‌മെന്റും പ്രസിദ്ധീകരിക്കും. ജൂൺ 18-ന് ഒന്നാംവർഷ ക്ലാസുകൾ തുടങ്ങും. എസ്എസ്എൽസി ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. എയ്‌ഡഡ്‌ സ്കൂളുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകൾ സർക്കാർ ഏറ്റെടുത്ത് ഏകജാലകരീതിയിൽ അലോട്മെന്റ് നടത്താനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശ അംഗീകരിച്ചിട്ടില്ല.

ഈ സീറ്റുകളിലേക്കുള്ള പ്രവേശനം മുൻവർഷങ്ങളിലെപ്പോലെ സ്കൂൾ തലത്തിൽ അപേക്ഷ ക്ഷണിച്ച് റാങ്ക്പട്ടിക തയ്യാറാക്കി നടത്തണമെന്നാണ് സർക്കാർ നിർദേശം. ബോണസ് പോയിൻ്റ് മാനദണ്ഡത്തിൽ മാറ്റമില്ല. 2021, 2023, 2024 വർഷങ്ങളിലായി അനുവദിച്ച 314 താത്കാലിക ബാച്ചുകൾ ഈ വർഷവും തുടരും. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ അധികബാച്ച് മുൻകൂറായി നൽകേണ്ടെന്നാണ് സർക്കാർ സമിതിയുടെ ശുപാർശ. അൺ എയ്‌ഡഡ് ഹയർസെക്കൻഡറികളിൽ 25-ൽ താഴെ കുട്ടികളുള്ള ബാച്ചുകൾ സർക്കാരിന് സാമ്പത്തികബാധ്യത ഉണ്ടാക്കാത്തതിനാൽ അവ നിലനിർത്തും. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസിലും മാറ്റമില്ല.

Previous Post Next Post