മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ ഏപ്രിലിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷം ഏപ്രിലിൽ ഉള്ളതിനേക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 39 ശതമാനവും സർവീസുകളുടെ എണ്ണത്തിൽ 27 ശതമാനവും വർധനയാണ് രേഖപ്പെടുത്തിയത്. 1,38,769 യാത്രക്കാരും 1,054 സർവീസുകളുമാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളത്തിലുണ്ടായത്. 26,481 പേർ യാത്രചെയ്ത അബുദാബി സെക്ടറിലാണ് കഴിഞ്ഞമാസം ഏറ്റവുമധികം യാത്രക്കാരുണ്ടായത്.
മൊത്തം അന്താരാഷ്ട്രയാത്രക്കാരുടെ 43 ശതമാനം യുഎഇയിലേക്കാണ്. ആഭ്യന്തര സെക്ടറിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുണ്ടായത്. 11,000-ത്തിലധികം യാത്രക്കാരാണ് ഇവിടങ്ങളിലേക്ക് യാത്ര ചെയ്തത്. മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങിയത് യാത്രക്കാർ വർധിക്കാൻ സഹായകമായി. മേയിൽ ഫുജൈറ, ദമാം എന്നിവിടങ്ങളിലേക്കും ജൂണിൽ ദമാമിലേക്കും ഇൻഡിഗോ പുതിയ സർവീസുകൾ തുടങ്ങാനിരിക്കുകയാണ്.