ഇനി റേഷൻ മണ്ണെണ്ണ വിതരണം 16 സംസ്ഥാനങ്ങളിൽ മാത്രം


തിരുവനന്തപുരം :- രാജ്യത്തെ 12 സംസ്‌ഥാനങ്ങളിലും ആകെയുള്ള 8 കേന്ദ്രഭരണ പ്രദേശങ്ങളിലും മണ്ണെണ്ണ വിതരണവും ഉപയോഗവും പൂർണമായി നിർത്തി. കഴിഞ്ഞ 2 വർഷമായി മണ്ണെണ്ണ വേണ്ടെന്ന് അറിയിക്കുകയോ ഏറ്റെടുക്കാതിരിക്കുകയോ ചെയ്തതിനാൽ ഇവയെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിതരണ പട്ടികയിൽ നിന്ന് ഒഴിവാക്കി. 2024-25ലെ വിഹിതം ഏറ്റെടുക്കാതെ പാഴാക്കിയെങ്കിലും 2023-24ലെ വിഹിതം കുറച്ചൊക്കെ വിതരണം ചെയ്ത തിനാൽ കേരളം പട്ടികയിൽ നിന്നു പുറത്താകാതെ കഷ്‌ടിച്ചു രക്ഷപ്പെട്ടു. കേരളം അടക്കം 16 സംസ്ഥാനങ്ങളിൽ മാത്രമാകും ഇനി വിതരണം. കേന്ദ്ര സർക്കാർ പുതുക്കിയ മണ്ണെണ്ണ അലോട്‌മെന്റ് നയം പ്രഖ്യാപിച്ചതോടെയാണ് ഈ മാറ്റം.

പാചകം ഉൾപ്പെടെ വീട്ടാവശ്യങ്ങൾക്ക് സബ്‌സിഡി ഇനത്തിലും മത്സ്യബന്ധനം, മേളകൾ, പ്രദർശനങ്ങൾ, പകർച്ചവ്യാധികൾ, ദുരന്തങ്ങൾ എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങൾക്ക് നോൺ സബ്‌സിഡി ഇനത്തിലും വെവ്വേറെയായി ഇനി വിഹിതം ഉണ്ടാകില്ല. 3 മാസം കൂടുമ്പോൾ ഒറ്റ വിഹിതമാകും. എന്നാൽ, പ്രകൃതി ദുരന്തങ്ങളും മേളകളും യാത്രകളും ഉൾപ്പെടെ പ്രത്യേക ആവശ്യങ്ങൾക്ക് അപേക്ഷിച്ചാൽ ആവശ്യമെങ്കിൽ പ്രത്യേക വിഹിതം നൽകും.

ത്രൈമാസ വിഹിതം അതത് കാലയളവിൽ തന്നെ സംസ്‌ഥാനങ്ങൾ ഏറ്റെടുത്തു വിതരണം ചെയ്യണം. അടുത്ത ക്വാർട്ടറിലേക്കു മാറ്റി നൽകില്ല. ഈ സാമ്പത്തിക വർഷം തുടങ്ങി 3 വർഷത്തേക്കാണു പുതുക്കിയ നയം. കഴിഞ്ഞ 3 വർഷം കേന്ദ്രം അനുവദിച്ചതിൽ ഏറ്റെടുത്തു വിതരണം ചെയ്‌തതിന്റെ ഏറ്റവും ഉയർന്ന അളവാകും മണ്ണെണ്ണയുടെ വാർഷിക അലോട്മെന്റ്.

കേന്ദ്രത്തിന്റെ പുതുക്കിയ മണ്ണെണ്ണ വിതരണ നയം സംബന്ധിച്ച് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ 22നു മുൻപ് മറുപടി നൽകണം. നിലവിൽ കേന്ദ്രം അഡ്ഹോക് ആയി ഏപ്രിൽ-ജൂൺ ക്വാർട്ടറിലേക്ക് അനുവദിച്ച : 5676 കിലോ ലീറ്റർ (56.76 ലക്ഷം - ലീറ്റർ) ജൂൺ 30നു മുൻപ് ഏറ്റെടുത്തില്ലെങ്കിൽ കേരളവും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടും.

Previous Post Next Post