തിരുവനന്തപുരം :- സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ഫാർമസികൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ഇനി മുതൽ ആന്റിബയോട്ടിക്കുകൾ നീല നിറത്തിലുള്ള കവറിൽ മാത്രമേ നൽകാൻ പാടുള്ളൂവെന്ന് ആരോഗ്യവകുപ്പ് നിർദേശം. ആന്റിബയോട്ടിക്ക് മരുന്നുകൾ തിരിച്ചറിയാൻ വേണ്ടിയാണിത്. ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ വിൽപന നടത്തിയ 450 സ്‌ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 5 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി. സംസ്‌ഥാനത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 30% വരെ കുറവുണ്ടായെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു.
പാൽ, ഇറച്ചി, മീൻ എന്നിവയിൽ ആന്റിബയോട്ടിക് സാന്നിധ്യമുണ്ടോ എന്നുള്ള പരിശോധനകൾ കർശനമാക്കാൻ ആന്റി മൈക്രോബയൽ റസിസ്റ്റന്റ്സ് (എഎംആർ) അവലോകനം ചെയ്യാൻ ചേർന്ന യോഗം നിർദേശിച്ചു. കാലികൾക്കും കോഴികൾക്കും നൽകുന്ന തീറ്റകളിൽ ചേർക്കുന്ന ആന്റിബയോട്ടിക്കുകളുടെ അളവു കുറയ്ക്കാൻ ഉടൻ നടപടി വേണമെന്നു വിവിധ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. “ആന്റി ബയോട്ടിക് സ്മാർട്ട്' ആക്കുന്നതിന്റെ ഭാഗമായി എല്ലാ ആശുപത്രികൾക്കും 3 മാസത്തിനുള്ളിൽ കളർ കോഡിങ് കൊണ്ടുവരും. ആൻ്റിബയോട്ടിക് സാക്ഷരതയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങൾക്കുള്ള മാർഗരേഖ പുറത്തിറക്കണം. ഇതനുസരിച്ച് തദ്ദേശ സ്‌ഥാപനങ്ങളെ കളർ കോഡ് ചെയ്യും.