കണ്ണൂർ :- ടെൻഡർ എടുത്ത് അനാസ്ഥ കാണിക്കുന്ന കരാറുകാർക്കെതിരെ നടപടിക്ക് കണ്ണൂർ കോർപറേഷൻ. നിർമാണം വൈകിപ്പിക്കുന്നതും അലംഭാവം കാണിക്കുന്നതുമായ കരാറുകാർക്കെതിരെ പിഴ ചുമത്താനാണ് തീരുമാനം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ ഇക്കാര്യം വ്യക്തമാക്കി. കോർപറേഷന്റെ ടെൻഡറുകൾ ഏറ്റെടുത്ത പല കരാറുകാരും കൗൺസിലർമാർക്ക് വില കൽപിക്കുന്നില്ലെന്നും ഇവർക്കെതിരെ നടപടി വേണമെന്നും കൗൺസിലർ വൽസൻ ആവശ്യപ്പെട്ടു.
റോഡുകൾ ഉൾപ്പെടെ ഏറ്റെടുത്ത പണികൾ യഥാസമയം കരാറുകാർ ആരംഭിക്കുകയോ, പണി പൂർത്തിയാക്കുകയോ ചെയ്യുന്നില്ലെന്ന് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ടെൻ ഡർ വിളിക്കുന്നതിൽ കോർപറേഷൻ അനാസ്‌ഥ കാട്ടുന്നതായി കൗൺസിലർ ടി.രവീന്ദ്രൻ ആരോപിച്ചു. പരമാവധി നേരത്തെ തന്നെ ടെൻഡർ വിളിക്കുണ്ടെന്നും കോർപറേഷന്റെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടായിട്ടില്ലെന്നും മേയർ പറഞ്ഞു.
കോർപറേഷൻ പരിധിയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം. കോർപറേഷൻ സെക്രട്ടറിക്കാണ് മേയർ നിർദേശം നൽകിയത്. അനധികൃത കെട്ടിടങ്ങൾ ഒട്ടേറെയുണ്ടെന്നും ഇവ പൊളിക്കാൻ നടപടി ഉണ്ടാകണമെന്നും കൗൺസിലർമാർ പറഞ്ഞു.