മയ്യിൽ :- പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതം താൽക്കാലികമായി നിരോധിച്ച മയ്യിൽ ബസ് സ്റ്റാൻഡ്- വള്ളിയോട്ട്- കടൂർമുക്ക് റോഡിലൂടെ കാർ ഓടിച്ചു കയറി. ഇതോടെ കാറിന്റെ ചക്രങ്ങൾ താറിൽ പുതഞ്ഞു. വാഹനം മുന്നോട്ട് നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ മറ്റൊരു വാഹനത്തിൽ യാത്ര തുടരുകയായിരുന്നു. പ്രഥാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതിലൂടെയുള്ള ഗതാഗതം നിർത്തി വെച്ചിരുന്നു. ഇതു സംബന്ധിച്ച ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മയ്യിലിൽ ഭാഗത്ത് നിന്ന് വന്ന കാർ യാത്രക്കാരാണ് താറിങ്ങ് നടക്കുന്ന റോഡിലേക്ക് കാർ ഇരച്ചു കയറ്റിയത്. ഒന്നാം ഘട്ടം താറിങ്ങ് നടത്തിയതിനു പിന്നാലെ താർ ഷീറ്റ് വിരിച്ചതിനു മുകളിലൂടെയാണ് കാർ ഇരച്ചെത്തിയത്. തുടർന്ന് നാല് ചക്രങ്ങളിലും താർഷീറ്റ് ചുറ്റി വരിഞ്ഞ് കാർ ഓടാനാകാത്ത സ്ഥിതിയിലാവുകായിരുന്നു. പിന്നീട് ഖലാസികളെത്തിയാണ് കാർ നീക്കം ചെയ്തത്.