കണ്ണൂർ :- ഗവ. മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ കൊബാൾട്ട് യന്ത്രത്തിന് പകരം ആധുനിക ചികിത്സ ഉറപ്പാക്കുന്ന ലിനാക് (LINAC) യന്ത്രം സ്ഥാപിക്കുമെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ ഡോക്ടർമാരും ചികിത്സാ സൗകര്യവുമില്ലെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് സൂപ്രണ്ട് വിശദീകരണം സമർപ്പിച്ചത്.
ലിനാക് സംവിധാനം ഏർപ്പെടുത്താൻ 18 കോടി രൂപ ചെലവു വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ പ്രധാനപ്പെട്ട സർക്കാർ മെഡിക്കൽ കോളേജ്ആശുപത്രികളിൽ ലിനാക് യന്ത്രം സ്ഥാപിച്ചു കഴിഞ്ഞു. 2023 നവംബറിൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ കണ്ണൂർ മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നു. ലിനാക് യന്ത്രം സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിരുന്നു.
കണ്ണൂർ, കാസർകോഡ്, വയനാട് ജില്ലകളിലെ സാധാരണക്കാരായ രോഗികൾക്ക് മികച്ച കാൻസർ ചികിത്സ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചികിത്സാ സൗകര്യം നടപ്പാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊബാൾട്ട് മെഷീൻ സ്ഥാപിച്ചിരിക്കുന്ന അതേ സ്ഥലത്ത് തന്നെയാണ് ലിനാക് മെഷീൻ സ്ഥാപിക്കുന്നത്. ഭരണാനുമതിയും ടെണ്ടർ നടപടികളും പൂർത്തിയായാലുടൻ പുതിയ യന്ത്രം സ്ഥാപിച്ച് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
കണ്ണൂർ മെഡിക്കൽ കോളേജിലെ റേഡിയോ തെറാപ്പി വിഭാഗത്തിൽ പ്രൊഫസർ (1) അസോസിയേറ്റ് പ്രൊഫസർ (1) അസിസ്റ്റന്റ് പ്രൊഫസർ (2), ലക്ചറർ (2) തസ്തികകൾ നിലവിലുണ്ട്. ഇതിൽ അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ 2023 ൽ ജോലി ഉപേക്ഷിച്ചു. രണ്ടാമത്തെ അസിസ്റ്റന്റ് പ്രൊഫസറും അസോസിയേറ്റ് പ്രൊഫസറും സ്ഥലംമാറിപോയ ഒഴിവുകളിലേക്ക് പകരം നിയമനം നടത്താനുള്ള നടപടികൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ നടന്നുവരുന്നു. റേഡിയോതെറാപ്പി വിഭാഗത്തിൽ ഉണ്ടായിരുന്ന രണ്ട് ലക്ചറർമാരുംഉപരിപഠനത്തിനായി അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. പ്രൊഫസർ പദവിയിലുള്ള ഡോക്ടർ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നെങ്കിലും ജോലിയിൽ തിരികെ പ്രവേശിച്ചു. ഇതോടെ ഒ.പി. യുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫാക്കൽറ്റികളുടെ നിയമനം എത്രയും വേഗം നടത്താമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കാര്യാലയത്തിൽ നിന്നും അറിയിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. സൂപ്രണ്ടിനെ നേരിൽകേട്ട സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.