വാഷിങ്ടൺ :- വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്ന ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലെ യുഎസ് എംബസിയാണ് മുന്നറിയിപ്പ് നൽകിയത്. വിസ കാലാവധി കഴിഞ്ഞും അമേരിക്കയിൽ തങ്ങിയാൽ അവരെ നാടുകടത്തുകയോ യുഎസിലേക്ക് യാത്ര ചെയ്യുന്നതിന് സ്ഥിരമായ വിലക്ക് നേരിടുകയോ ചെയ്യുമെന്ന് യുഎസ് എംബസി അറിയിച്ചു. യുഎസ് എംബസി ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്. എംബസിയുടെ അറിയിപ്പിനെതിരെ നിരവധി ഇന്ത്യക്കാർ രംഗത്തെത്തി. നിങ്ങൾ എത്ര കാലം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നുവെന്ന് ഒരാൾ എക്സിൽ ചോദിച്ചു.
ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കക്കാരും വിസാ നിയമങ്ങൾ മാനിക്കണമെന്നും വിസാ കാലാവധി കഴിയുന്നതിന് മുമ്പ് തിരികെ പോകണമെന്നും മറ്റൊരാൾ പറഞ്ഞു. യുഎസ് എംബസിയുടെ ഭാഷ നയതന്ത്രവിരുദ്ധമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മുൻകൂർ അറിയിക്കാതെയോ സംരക്ഷണം തേടാനുള്ള അവസരമില്ലാതെയോ കുടിയേറ്റക്കാരെ സ്വന്തം രാജ്യത്തിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടത്തെ ഫെഡറൽ അപ്പീൽ കോടതി തടഞ്ഞതിന് പിന്നാലെയാണ് എംബസിയുടെ മുന്നറിയിപ്പ്.
നയം നിര്‍ത്തിവച്ച കീഴ്ക്കോടതി വിധി തടയണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അപേക്ഷ യുഎസ് ഫസ്റ്റ് സർക്യൂട്ട് അപ്പീല്‍ കോടതി തള്ളി. തടവുകാരോട് മോശമായി പെരുമാറുന്നതിനും തുടര്‍ച്ചയായ ആഭ്യന്തര കലാപത്തിനും വിമര്‍ശിക്കപ്പെടുന്ന രാജ്യമായ ലിബിയയിലേക്ക് കുടിയേറ്റക്കാരെ അയയ്ക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന ആശങ്കകള്‍ക്കിടയിലാണ് കോടതിയുടെ തീരുമാനം. ഏപ്രിലിൽ ആദ്യം, യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, 30 ദിവസത്തിൽ കൂടുതൽ രാജ്യത്ത് ഉണ്ടായിരുന്ന എല്ലാ വിദേശ പൗരന്മാരെയും ഏലിയൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഓർമ്മിപ്പിക്കുകയും ചെയ്തു.