സഞ്ചാരികളേ ഇതിലേ ; ഊട്ടി പുഷ്പമേളക്ക് തുടക്കമായി


ഊട്ടി :- ലോകപ്രശസ്തമായ ഊട്ടി പുഷ്പ മേളക്ക് വര്‍ണാഭമായ തുടക്കം. സസ്യോദ്യാനത്തില്‍ നടക്കുന്ന പുഷ്പ മേള മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. പൂക്കള്‍ കൊണ്ട് ഒരുക്കിയ വിവിധ രൂപങ്ങളാണ് മുഖ്യ ആകര്‍ഷണം. രണ്ട് ലക്ഷം കാര്‍നേഷ്യം, ജമന്തി പൂക്കള്‍ കൊണ്ട് 75 അടി വീതിയിലും 25 അടി ഉയരത്തിലും ഒരുക്കിയ രാജരാജ ചോഴന്റെ കൊട്ടാര മാതൃക ഏവരുടെയും മനം കവരും.

എട്ടടി ഉയരത്തില്‍ 50400 പൂക്കള്‍ കൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക, ഊഞ്ഞാല്‍, സിംഹാസനം, ആന, സെല്‍ഫി സ്‌പോട്ട്, വെള്ളച്ചാട്ടത്തിന്റെ മാതൃക എന്നിവ മേളക്ക് മാറ്റ് കൂട്ടുന്നു. നിലവിലെ പൂച്ചെടികള്‍ക്ക് പുറമേ 30,000 ചട്ടികളില്‍ വിടര്‍ന്ന് നില്‍ക്കുന്ന വിവിധയിനം പൂക്കളും സഞ്ചാരികളെ ആകര്‍ഷിക്കും. മേളയുടെ ഭാഗമായി ഉദ്യാനം മുഴുവന്‍ അലങ്കരിച്ചിട്ടുണ്ട്. ഹോര്‍ട്ടിക്കള്‍ച്ചര്‍ വകുപ്പിന് പുറമെ, കൃഷി, വനം, ടൂറിസം, ഗോത്ര വിഭാഗം തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ മേളയിലുണ്ട്. 25 വരെയാണ് മേള.

Previous Post Next Post