കാസർകോട് :- ചെർക്കളയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അപകടം. ഇന്ന് പുലർച്ചെ 5.30 ഓടെ ചെർക്കള പുലിക്കുണ്ട് ഭാഗത്താണ് അപകടമുണ്ടായത്. കാർ യാത്രികരായ അഞ്ചംഗ കുടുംബം അപകടത്തിൽ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു. ഇക്ബാൽ മുഹമ്മദ് കുട്ടി എന്നയാളുടെ കാറിനാണ് തീപിടിച്ചത്. മുംബൈയിൽ നിന്നും കണ്ണൂർ കണ്ണപുരത്തെ ബന്ധു വീട്ടിലേക്ക് പോകുന്നതിനിടെ എർട്ടിഗ കാറാണ് കത്തിയെരിഞ്ഞത്. കാറിലുണ്ടായിരുന്നവർക്ക് ഡോർ തുറന്ന് പുറത്തിറങ്ങാനായത് വലിയ അപകടം ഒഴിവാക്കി.
യാത്രക്കാർ തന്നെയാണ് അഗ്നിശമന സേനയെ വിവരം അറിയിച്ചത്. സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലും സംഘവും ചേർന്ന് തീയണച്ചു. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയും തൽക്ഷണം തീപിടിക്കുകയും ആയിരുന്നുവെന്ന് ഫയർ സർവീസ് അധികൃതർ പറഞ്ഞു.
ഒരുമാസം മാത്രമാണ് വാഹനത്തിന്റെ പഴക്കമെന്ന് ഉടമ ഇക്ബാൽ മുഹമ്മദ് കുട്ടി പറഞ്ഞു. ഭാര്യ റുബീന, മക്കൾ നൗഫ്, അസീസ, ഉമർ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം പൂർണമായും കത്തിനശിച്ചു. 25000 രൂപ 5 പവൻ സ്വർണം, ഐഡി കാർഡുകൾ, രണ്ട് മൊബൈൽ ഫോൺ, ഡ്രസ്സ്, ബാഗ്, വാഹനത്തിൻ്റെ രേഖകൾ എന്നിവ പൂർണമായും കത്തി നശിച്ചു.