മയ്യിൽ :- കണ്ടക്കൈ കർഷകസമര ചരിത്രം ആസ്പദമാക്കി ജയൻ തിരുമന രചിച്ച ചരിത്ര നാടകം 'പുഴ ചുവന്ന കാലം' ഇന്ന് അരങ്ങിലെത്തും. വേളം പൊതുജന വായനശാലയുടെ നവതി ആഘോഷ സമാപനത്തോടനുബന്ധിച്ച് ഇന്ന് മേയ് 17 ശനിയാഴ്ച വൈകുന്നേരം 7.30നു വായനശാല ഓഡിറ്റോറിയത്തിലാണ് നാടകത്തിന്റെ ആദ്യാവതരണം. ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി.കെ മധു ഉദ്ഘാടനം നിർവഹിക്കും. നവതിയാഘോഷ സമാപനം നാളെ വൈകുന്നേരം 6 മണിക്ക് മുൻമന്ത്രി പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്യും.
രണ്ട് മണിക്കർ ദൈർഘ്യമുള്ള നാടകത്തിന്റെ സംവിധാനം നിർവഹിച്ചത് ആദിത്യൻ തിരുമനയാണ്. ഗാനരചന നിർവഹിച്ചത് ബിന്ദു തിരുമനയമാണ്. യുവജന കലാസമിതി നേതൃത്വത്തിലുള്ള നാടകത്തിൽ വേഷമിടുന്നത് വേളം പൊതുജന വായനശാലയുടെ അൻപതോളം പ്രവർത്തകരാണ്. കണ്ടക്കൈ കർഷക സമരവും സമരത്തിന്റെ ഭാഗമായി നടന്ന പുല്ല് പറിക്കൽ, വിളവെടുപ്പ്, കലം കെട്ട് തുടങ്ങിയ സമരങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് നാടകം ലക്ഷ്യമിടുന്നതെന്ന് വായനശാല ഭാരവാഹികൾ പറഞ്ഞു.