ന്യൂഡൽഹി :- തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് ആധാർ നിർബന്ധമാക്കുന്നത് അടുത്ത മാസം മുതൽ നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചു. ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകൾക്കു മാത്രമേ ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് എടുക്കാനാകൂ. 15 മുതൽ ആധാർ അധിഷ്‌ഠിത ഒടിപിയും തത്കാൽ ബുക്കിങ്ങിനു നിർബന്ധമാക്കും. കൗണ്ടറുകളിൽ നിന്നോ ഏജന്റുമാരിൽ നിന്നോ എടുക്കുന്ന തത്കാൽ ടിക്കറ്റുകൾക്ക് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് എത്തുന്ന ഒടിപിയും 15 മുതൽ നിർബന്ധമാക്കും. ഇതുസംബന്ധിച്ച സർക്കുലർ റെയിൽവേ പുറപ്പെടുവിച്ചു.
രാവിലെ 10 മുതൽ 10.30 വരെ എസി ടിക്കറ്റുകളും 11 മുതൽ 11.30 വരെ നോൺ എസി ടിക്കറ്റുകളും ഏജന്റുമാർക്കു ബുക്ക് ചെയ്യാനാകില്ല. യഥാർഥ യാത്രക്കാർക്കു തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകാത്ത തരത്തിൽ എഐ സഹായത്തോടെ പലരും ബുക്കിങ് നടത്തുന്നതായി പരാതികളുയർന്ന സാഹചര്യത്തിലാണു നടപടി.