ന്യൂഡൽഹി :- അത്യാവശ്യ സാഹചര്യങ്ങളിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് വഴി പിഎഫിൽ നിന്ന് തുക പിൻവലിക്കുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഇപിഎഫ്ഒ. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിർമാണം തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിൻവലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയർത്തിയത്.
ഓട്ടോ ക്ലെയിം സെറ്റിൽമെന്റ് രീതി 2020-ൽ കോവിഡ് സാഹചര്യത്തിലാണ് തുടങ്ങിയത്. അന്ന് 50,000 രൂപയായിരുന്ന പരിധി 2024 മേയിൽ ഒരു ലക്ഷമാക്കിയിരുന്നു. ഇതാണ് അഞ്ച് ലക്ഷമാക്കിയത്. ഓട്ടോ സെറ്റിൽമെന്റ് അപേക്ഷകൾ മൂന്ന് ദിവസത്തിനകം തീർപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.2024-25 സാമ്പത്തിക വർഷത്തിൽ ഓട്ടോ ക്ലെയിം സെറ്റിൽമെന്റിനായി 2.3 കോടി അപേക്ഷകളാണ് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത്. തൊട്ടുമുൻ വർഷം ഇത് 89.5 ലക്ഷമായിരുന്നു. ഈവർഷം ആദ്യത്തെ രണ്ടുമാസം മാത്രം 76 ലക്ഷം പേരാണ് ഓട്ടോ സെറ്റിൽമെന്റ് വഴി പണം പിൻവലിക്കാൻ അപേക്ഷിച്ചത്.