ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം


താമരശ്ശേരി :- ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയത്. 50,000 രൂപയുടെ ബോണ്ട്, അന്വേഷണവുമായി വിദ്യാര്‍ഥികള്‍ സഹകരിക്കുമെന്ന മാതാപിതാക്കളുടെ സത്യവാങ്മൂലം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്,

സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ട് പോകരുത്, ക്രിമിനല്‍ സ്വഭാവമുള്ള ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകരുത് എന്നിവയാണ് ഉപാധികള്‍. ക്രിമിനല്‍ സ്വഭാവമുള്ള കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരത്തെ പ്ലസ് വണ്‍ പ്രവേശനം ലഭിച്ചിരുന്നു.

താമരശ്ശേരി ജി വി എച്ച് എസ് എസില്‍ മൂന്നുപേര്‍ക്കും രണ്ടുപേര്‍ക്ക് കോഴിക്കോട് നഗരത്തിലെ രണ്ട് സ്‌കൂളുകളിലുമാണ് പ്രവേശനം നല്‍കിയത്. നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Previous Post Next Post