ഇന്ത്യയ്ക്ക് കരുത്താവാൻ വ്യോമസേനയ്ക്കുള്ള 12 തേജസ്സ് യുദ്ധവിമാനങ്ങൾ ഡിസംബറിനുള്ളിൽ കൈമാറും


ന്യൂഡൽഹി :- വ്യോമസേനയ്ക്കുള്ള 12 തേജസ്സ് യുദ്ധവിമാനങ്ങൾ ഡിസംബറിനുള്ളിൽ കൈമാറും. തേജസ്സ് യുദ്ധവിമാനം നിർമിക്കാനുള്ള രണ്ട് എഫ്404 എൻജിൻ കൂടി യുഎസ് കമ്പനിയായ ജനറൽ ഇലക്ട്രിക് (ജിഇ) ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിനു(എച്ച്എഎൽ) കൈമാറിയിരുന്നു. ഈ വർഷം 10 എൻജിനുകൾ കൂടി നൽകുമെന്നാണു വിവരം. എൻജിൻ കൈമാറുന്നതിലെ കാലതാമസമാണു വിമാനത്തിന്റെ നിർമാണം വൈകാൻ കാരണം.

83 തേജസ്സ് എംകെ-1എ വിമാനങ്ങൾക്കുള്ള 48,000 കോടി രൂപയുടെ കരാർ 2021 ഫെബ്രുവരിയിലാണ് ഒപ്പിട്ടത്. ആദ്യ വിമാനം 2024 മാർച്ച് 31 നു കൈമാറാനായിരുന്നു ധാരണ. 99 എഫ്404 എൻജിനുകൾ ലഭ്യമാക്കാൻ 5375 കോടി രൂപയുടെ കരാറാണു എച്ച്എഎലും ജിഇയും തമ്മിൽ ഒപ്പിട്ടിരുന്നത്. ഒന്നര വർഷം വൈകിയശേഷം ഈ വർഷം ഏപ്രിലിലാണ് ഇതിൽ ആദ്യ എൻജിൻ കൈമാറിയത്. തേജസ്സ് വിമാനങ്ങൾ ലഭ്യമാക്കാൻ വൈകുന്നതു വ്യോമസേനയുടെ കടുത്ത വിമർശനത്തിനു കാരണമായിരുന്നു. ബെംഗളൂരുവിലെയും നാസിക്കിലെയും പ്രൊഡക്‌ഷൻ കേന്ദ്രങ്ങളിൽ നിന്നായി വർഷം 8 വിമാനങ്ങൾ വീതം കൈമാറാനാണു ലക്ഷ്യമിടുന്നത്.

Previous Post Next Post