കണ്ണൂർ :- വിദ്യാർഥികളുടെ അഭിരുചികൾക്കു പുത്തൻ വേദിയും പഠനലക്ഷ്യങ്ങൾക്കു പുതിയ മുഖഛായയും നൽകി ക്രിയേറ്റീവ് കോർണറുകൾ. യുപി ക്ലാസിലെ കുട്ടികൾക്കായി ജില്ലയിലെ 35 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോർണറുകൾ ഒരുക്കിയത്.ഇതുവഴി എൽഇഡി ബൾബ് മേക്കിങ്, കാർപെന്ററി, ഡിസൈനിങ്, കുക്കിങ്, അഗ്രികൾചർ ഫാമിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ക്ലാസുകൾ സൗജന്യമായി വിദ്യാർഥികൾക്കു ലഭിക്കും.
തൊഴിൽ നൈപുണ്യം നേടുന്നതിനായി ഓരോ ക്രിയേറ്റീവ് കോർണറിലും ഇലക്ട്രോണിക്സ്, കാർഷിക, പ്ലമിങ് ഉപകരണങ്ങൾ, ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ, തയ്യൽ മെഷീൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സമഗ്രശിക്ഷാ കേരള സ്‌റ്റാർസ് പദ്ധതിയിലൂടെ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സഹകരണത്തോടെയാണു സംസ്‌ഥാന വ്യാപകമായി പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതീകരിച്ച, അടിസ്‌ഥാന സൗകര്യങ്ങളുള്ള, ചുരുങ്ങിയത് 400 ചതുരശ്രയടിയെങ്കിലുമുള്ള മുറികളാണ് ക്രിയേറ്റീവ് കോർണറിനായി ഉപയോഗിക്കുക.ഇതിനായി അഞ്ചര ലക്ഷം രൂപ വീതം ഓരോ സ്കൂളിനും അനുവദിച്ചിട്ടുണ്ട്. ക്രിയേറ്റീവ് കോർണർ പ്രദേശത്തെ മറ്റു പൊതുവിദ്യാലയങ്ങൾക്കും പ്രയോജനപ്പെടുത്താം.