കരിങ്കൽക്കുഴി :-കരിങ്കൽക്കുഴി തിലക് പാർക്കിൽ ഇടതൂർന്ന് വളർന്നു നിൽക്കുന്ന വലിയ കാറ്റാടി മരങ്ങൾ യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. പുതിയതെരു - മയ്യിൽ മെയിൻ റോഡിലും വശങ്ങളിലുള്ള കനാൽ റോഡുകളിലുമാണ് കൂറ്റൻ മരങ്ങൾ ഉള്ളത്. ഇത്തരത്തിലുള്ള നിരവധി കൂറ്റൻ മരങ്ങൾ കാരണം ഇതുവഴിയുള്ള വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണി ആകുന്നുണ്ട്. മരങ്ങൾ പൊട്ടി റോഡിലേക്ക് വീഴാനുള്ള സാധ്യത ഏറെയാണ്.
വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി കാൽനട യാത്രക്കാരും വാഹനങ്ങളും ദിനം പ്രതി കടന്നുപോകുന്ന വഴിയാണിത്.
ശക്തമായ കാറ്റിലും മഴയിലും ഏറെ ബുദ്ധിമുട്ടിയും ഭയപ്പാടോടും കൂടിയാണ് ഇതിലൂടെ പോകുന്നത്. കഴിഞ്ഞദിവസം മെയിൻ റോഡിൽ വലിയ മരക്കൊമ്പ് പൊട്ടിവീണിരുന്നു. യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതെ രക്ഷപ്പെട്ടത്. മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് ദിവസങ്ങളോളം ഈ പ്രദേശത്ത് വൈദ്യുതി ബന്ധം തടസപ്പെടുന്ന സ്ഥിതി നിരന്തരം ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ മരങ്ങൾ പൊട്ടി വൈദ്യുതി ലൈനിലേക്ക് വീഴുന്നത് അപകടസാധ്യത ഉയർത്തുകയാണ്. ഇത്തരത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഴശ്ശി ഇറിഗേഷൻ പോജക്ട്ടിന് കീഴിലുള്ള ഈ പ്രദേശത്തെ അപകടകരമായികിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐഎം കൊളച്ചേരി ഗ്രാമപഞ്ചായത്തിനും പഴശ്ശി ഇറിഗേഷൻ പ്രോജക്ട് അസിസ്റ്റന്റ് എൻജിനീയർക്കും നിവേദനം നൽകിയിട്ടുണ്ട്. മഴക്കാലത്ത് മരങ്ങൾ കടപുഴകിയും പൊട്ടിയും വീണ് മെയിൻ റോഡിലും സൈഡിലുള്ള കനാൽ റോഡുകളിലും യാത്രാ തടസ്സവും ഇലക്ട്രിക്ക് പോസ്റ്റുകളും ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസ്സവും അപകടങ്ങളും ഉണ്ടാകുന്നത് പതിവാണ്, കഴിഞ്ഞ വർഷം ഇവിടെ വലിയ നാശനഷ്ടമാണ് ഉണ്ടായതെന്നും റോഡിലേക്കും വൈദ്യുതി ലൈനിലേക്കും വീഴാൻ സാധ്യതയുള്ള അപകടകരമായ രീതിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.