കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം ലഭിച്ചശേഷം മതിയായ കാരണമില്ലാതെ യാത്ര റദ്ദാക്കുന്നവർ ഇത്തവണ പിഴ നൽകേണ്ടിവരും. മരണമോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാതെ യാത്ര റദ്ദാക്കുന്നവർക്കാണ് പിഴ ചുമത്തുക. കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് പുതിയ നിബന്ധന പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ സീസണിൽ കേരളത്തിൽ നിന്ന് 1300-ഓളം പേരാണ് യാത്ര റദ്ദാക്കിയത്. ആയിരത്തോളം പേർ നറുക്കെടുപ്പ് കഴിഞ്ഞയുടനെ പിൻവാങ്ങി. 300-ഓളം പേർ പണമടച്ചശേഷമാണ് വിവിധ കാരണങ്ങളാൽ യാത്ര റദ്ദാക്കിയത്.
യാത്ര റദ്ദാക്കുന്ന ഘട്ടത്തിനനുസരിച്ചാണ് തുകയിൽ കുറവുവരുത്തി തിരികെ നൽകാറ്. ഇതുകൂടാതെയാണ് പിഴ വരുന്നത്. ഹജ്ജിന്റെ നടപടിക്രമങ്ങൾ സൗദി അറേബ്യയും പരിഷ്കരിച്ചിട്ടുണ്ട്. നറുക്കെടുപ്പ് കഴിഞ്ഞയുടൻ തന്നെ തീർഥാടകരുടെ പേരു വിവരവും തുകയും നൽകേണ്ടി വരും. ഇതിൽ കാലതാമസം വരുത്തിയാൽ യാത്ര മുടങ്ങും. തുക കൃത്യസമയത്ത് നൽകാത്തതിനാൽ ഇക്കഴിഞ്ഞ ഹജ്ജിൽ സ്വകാര്യഗ്രൂപ്പുകൾക്ക് സീറ്റുകൾ നഷ്ടപ്പെട്ടിരുന്നു.