ബെംഗളൂരുവിലെ തെരുവ്നായകൾക്ക് ദിവസവും കോഴിയിറച്ചിയും ചോറും നൽകും ; തീരുമാനവുമായി കോർപ്പറേഷൻ


ബെംഗളൂരു :- ബെംഗളൂരുവിലെ തെരുവു നായകൾക്ക് 'സസ്യേതര' ഭക്ഷണം ലഭിക്കും. ഇതിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കോർപ്പറേഷൻ. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണംനൽകാനാണ് തീരുമാനം. നഗരത്തിലെ 5000 തെരുവുനായകൾക്ക് ഭക്ഷണം ലഭിക്കും. ഓരോ നായയുടെയും ഭക്ഷണത്തിൽ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയിൽ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിർദേശം. 22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് കണക്കാക്കുന്നത്. ഒരുവർഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചത്.

നേരത്തേയും നഗരത്തിലെ തെരുവുനായകൾക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചു നൽകിയിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് സസ്യ ഇതര ഭക്ഷണം പാകം ചെയ്തു നൽകുന്നത്. തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണം നൽകാൻ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മിഷണർ സുരാൽകർ വ്യാസ് പറഞ്ഞു. ആനിമൽ വെൽഫെയർ ബോർഡിന്റെ നിർദേശങ്ങളും മൃഗസംരക്ഷണ മാർഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും പറഞ്ഞു. നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപവീതം അനുവദിക്കും. ഓരോ സോണിലും നൂറുവീതം കേന്ദ്രങ്ങളിൽ ഭക്ഷണവിതരണം നടക്കും.

Previous Post Next Post